കോഴിക്കോട് :- ഭൂമി തരം മാറ്റുന്നതിനു കൈക്കൂലി വാങ്ങിയ ഒളവണ്ണ വില്ലേജ് ഓഫിസര്‍ ഉല്ലാസ് മോനെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകിട്ടോടെ ആയിരുന്നു സംഭവം. എട്ടുലക്ഷം രൂപയാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായ അന്‍പതിനായിരം രൂപ കൈമാറുന്നതിനിടെയാണ് അറസ്റ്റ്.
8 ലക്ഷം രൂപയാണ് 1.62 ഏക്കര്‍ തരം മാറ്റുന്നതിനായി ഉല്ലാസ് പരാതിക്കാരനോട് ആവശ്യപ്പെട്ടത്. ആദ്യഗഡു എന്നനിലയില്‍ അരലക്ഷം രൂപ കോഴിക്കോട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് അടുത്തെത്തി കൈമാറാനാണ് ആവശ്യപ്പെട്ടത്. പരാതിക്കാരന്‍ ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചു. വിജിലന്‍സ് ഡിവൈഎസ്പി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഉല്ലാസ് മോൻ എറണാകുളം കോതമംഗലം സ്വദേശിയാണ്. എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്ത് ഇയാള്‍ നിരന്തരം കൈക്കൂലി വാങ്ങുന്നുണ്ടെന്ന വിവരം വിജിലന്‍സിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സിൻ്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെടിട്ടുള്ള ആളാണ് ഉല്ലാസ് മോൻ.




