പത്തനംതിട്ട :- അടൂർ കൂട്ടബലാത്സംഗ കേസിൽ ഒളിവിൽ പോയ രണ്ടാം പ്രതി മൂന്നു വർഷത്തിനു ശേഷം പോലീസ് പിടിയിൽ. നൂറനാട് പാലമേൽ കുളത്തും മേലേതിൽ കൊച്ചു തറയിൽ വീട്ടിൽ ആർ. മനോജ് (35) ആണ് അടൂർ പോലീസിന്റെ പിടിയിലായത്. തമിഴ്നാട് കാരേക്കുടി ഭാഗത്തു നിന്നാണ് അടൂർ പോലീസ് ഇയാളെ പിടികൂടിയത്. 2022 ലാണ് കേസിനാസ്പദമായ സംഭവം. കേസിൽ മൂന്നു പ്രതികൾ ജയിൽ ശിക്ഷ അനുഭവിച്ച് വരികയാണ്. ഒരാളെ കോടതി വെറുതെ വിട്ടു. എന്നാൽ മനോജിനെ പോലീസിനു പിടികൂടാൻ സാധിച്ചിരുന്നില്ല.
മനോജ് സ്ഥിരമായി ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ പോലും ഒളിവിൽ പോയ ശേഷം ഉപേക്ഷിച്ചിരുന്നു. നാട്ടിൽ ആരെയും വിളിക്കാൻ ശ്രമിച്ചതുമില്ല. നിരന്തരമായ അന്വേഷണത്തിനൊടുവിൽ തമിഴ്നാട് കാരേക്കുടി ഭാഗത്ത് മനോജ് ഉണ്ടെന്ന വിവരം പോലീസിനു ലഭിച്ചു. ഗുണ്ടാലിസ്റ്റിൽ ഉള്ള തമിഴ്നാട് സ്വദേശിയുടെ വീട്ടിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. ഇവിടെ താമസിച്ച് വെൽഡിങ് ജോലി ചെയ്യുകയായിരുന്നുവെന്നും പോലീസിനു വിവരം ലഭിച്ചു. ഇതോടെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, കാരേക്കുടി എഎസ്പി അനീഷ് പുരിയയുമായി ബന്ധപ്പെട്ട് സഹായം ആവശ്യപ്പെട്ടു.
അടൂർ ഡിവൈഎസ്പി ജി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മനോജ് താമസിച്ച വീട് കണ്ടെത്തി. പോലീസിനെ കണ്ട മനോജ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും കയ്യോടെ പിടികൂടി.




