ന്യൂഡൽഹി :- ഡൽഹിയിലേക്ക് ടൊറന്റോയിൽ നിന്ന് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനത്തിന് വ്യാഴാഴ്ച ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. ടൊറന്റോയിൽ നിന്ന് പറന്നുയർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം വൈകീട്ട് 3 മണിയോടെ സുരക്ഷിതമായി ഇറങ്ങി. ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം നൽകിയിരുന്നു. പോലീസ് പരിശോധനയിൽ സന്ദേശം വ്യാജമായിരുന്നുവെന്ന് തെളിഞ്ഞു. എയർ ഇന്ത്യയ്ക്ക് രണ്ട് ദിവസത്തിനുള്ളിൽ ലഭിക്കുന്ന രണ്ടാമത്തെ ഭീഷണി സന്ദേശമാണിത്.
ടെർമിനൽ 3-ൽ അജ്ഞാത ബോംബ് ഭീഷണി ബുധനാഴ്ച വൈകീട്ട് നാല് മണിക്കാണ് റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച ഇൻഡിഗോ എയർലൈനിന് ബോംബ് ഭീഷണി ഇമെയിൽ ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന്, ഡൽഹി, മുംബൈ, ചെന്നൈ, തിരുവനന്തപുരം, ഹൈദരാബാദ് എന്നിവയുൾപ്പെടെ പ്രധാന രാജ്യാന്തര വിമാനത്താവളങ്ങളിലെല്ലാം പരിശോധന നടത്തിയിരുന്നു.മുംബൈയിൽനിന്ന് വാരാണസിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനും ബുധനാഴ്ച ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇതേത്തുടർന്ന് വിമാനം അടിയന്തരമായി ലാൻഡിങ് നടത്തുകയും സുരക്ഷാ പരിശോധനയ്ക്കായി ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.




