കോട്ടയം :- അയർകുന്നത്ത് ഇതര സംസ്ഥാന തൊഴിലാളി ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ വിശദമായ ചോദ്യം ചെയ്യൽ നടന്നു വരികയാണ്. ചേദ്യം ചെയ്യലിൽ കിട്ടിയ വിവരങ്ങൾ ഇങ്ങനെയാണ് :- മറ്റൊരാളുമായി ഭാര്യയ്ക്കുള്ള ബന്ധത്തിന്റെ പേരിലാണ് ഇതര സംസ്ഥാന തൊഴിലാളിയായ സോണി ഭാര്യ അൽപ്പനയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. പ്രകാശ് മണ്ഡല്‍ എന്നയാളെ അല്‍പ്പന സ്ഥിരമായി ഫോണില്‍ ബന്ധപ്പെടുന്നത് സോണിയെ അസ്വസ്ഥനാക്കിയിരുന്നു. പ്രകാശിനെ വിളിക്കരുതെന്ന് പലതവണ പറഞ്ഞിട്ടും അൽപ്പന ഇത് തുടർന്നു. ഇക്കാര്യത്തിൽ ഇരുവരും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി.
ഫോണ്‍വിളിയുമായി ബന്ധപ്പെട്ട് കൊലപാതകം നടന്നതിന്റെ തലേ ദിവസവും ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നു. ഇതോടെയാണ് അൽപ്പനയെ കൊല്ലാൻ സോണി പദ്ധതിയിട്ടത്. നിര്‍മാണ ജോലിയും മറ്റുമാണ് സോണിയും അല്‍പ്പനയും ചെയ്തുവന്നിരുന്നത്. സാധാരണ ഒമ്പതു മണിയോടെയാണ് ഇവര്‍ പണിക്കിറങ്ങുന്നത്. കൊലപാതകം നടത്താന്‍ തീരുമാനിച്ച ദിവസം അത്യാവശ്യ പണിയുണ്ടെന്നും നേരത്തെ എത്തണമെന്നും വീട്ടുടമ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാണ് സോണി അല്‍പ്പനയെ കൊലപാതകം നടന്ന സ്ഥലത്തേക്കെത്തിച്ചതെന്ന് കോട്ടയം ഡിവൈഎസ്പി കെ.എസ്.അരുൺ പറഞ്ഞു.
ഫോണ്‍വിളിയുമായി ബന്ധപ്പെട്ട് ‘കൊലപാതകം നടന്ന, നിർമാണത്തിൽ ഇരിക്കുന്ന വീടിന്റെ പരിസരത്ത് എത്തിയും ദമ്പതികൾ തമ്മിൽ തര്‍ക്കം നടന്നു. ഫോണ്‍ വിളിയുടെ കാര്യം പറഞ്ഞ് അല്‍പ്പനയെ പ്രകോപിപ്പിച്ച ശേഷമായിരുന്നു തര്‍ക്കം. തുടര്‍ന്ന് പിടിവലി കൂടുകയും സോണി അല്‍പ്പനയെ മതിലില്‍ ഇടിപ്പിച്ച് താഴെ തള്ളിയിടുകയും ചെയ്തു. ഇതോടെ അല്‍പ്പന അബോധാവസ്ഥയിലായി. മതിലില്‍ തലയിടിപ്പിച്ചും കഴുത്തു ഞെരിച്ചുമാണ് അൽപ്പനയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. ഇതിനുശേഷം മരണം ഉറപ്പിക്കാനായി കമ്പിപ്പാര കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു.




