ചേർത്തല :- ഭാഗ്യക്കുറി വില്പനശാലയുടെ ഗ്രിൽ തകർത്ത് വൻ മോഷണം. കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പതിനായിരത്തോളം രൂപയും 2.16 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുകളും കവർന്നു. മോഷണം നടന്നത് ചേർത്തല ദേവീ ക്ഷേത്രത്തിന് സമീപത്തെ പള്ളിക്കാവ് ലത ബാബുവിന്റെ ഉടമസ്ഥതയിലുള്ള ‘ബ്രദേഴ്‌സ്’ ഭാഗ്യക്കുറി വിൽപ്പനശാലയിലാണ് . തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. മഴക്കോട്ടിട്ട് മുഖം തുണികൊണ്ട് മറച്ച് സമീപത്തെ വീടിന്റെ ഗേറ്റ് ചാടിക്കടന്ന് കടയുടെ മതിലിനുള്ളിൽ പ്രവേശിച്ച മോഷ്ടാവ്, കടയുടെ വടക്കുഭാഗത്തുള്ള ജനൽ പാളി തുറന്ന് കമ്പി അറുത്തുമാറ്റി, കൈവശമുണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ച് ഗ്രിൽ തകർത്താണ് ഉള്ളിൽ കയറിയത്.
തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ നറുക്കെടുക്കുന്ന ഭാഗ്യധാര, സ്ത്രീശക്തി, ധനലക്ഷ്മി എന്നിവയുടെ 5143 ലോട്ടറി ടിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. മോഷണ വിവരം തിങ്കളാഴ്ച രാവിലെ കട തുറക്കാനായി ജീവനക്കാരൻ എത്തിയപ്പോഴാണ് അറിയുന്നത്. തുടർന്ന് ചേർത്തല പൊലീസ് സ്ഥലത്തെത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പുലർച്ചെ 2.45-ന് മോഷ്ടാവ് നീല മഴക്കോട്ടണിഞ്ഞ് തുണികൊണ്ട് മുഖം മറച്ച് എത്തുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ആലപ്പുഴയിൽ നിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
കടയ്ക്കുള്ളിൽ മണം പിടിച്ച പൊലീസ് നായ വടക്കോട്ട് നടന്ന് നടക്കാവ് റോഡുവഴി പടിഞ്ഞാറ് പാരഡൈസ് സിനിമ തിയേറ്ററിന് മുന്നിൽ ചെന്ന് നിന്നു. മോഷ്ടാവിനെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി സ്റ്റേഷൻ ഹൗസ് ഓഫിസർ ലൈസാദ് മുഹമ്മദ് പറഞ്ഞു.




