ഇന്ത്യൻ റെയിൽവേ മദ്യവും മറ്റു ലഹരിപദാർത്ഥങ്ങളുമായുള്ള ട്രെയിൻ യാത്ര കർശനമായി തന്നെ നിരോധിച്ചിട്ടുണ്ട്. യാത്രയിൽ മദ്യക്കുപ്പി കയ്യിൽ കരുതുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും റെയിൽവേ വ്യക്തമാക്കുന്നു. ഉത്സവ സീസണുകളിലും ആഘോഷാവസരങ്ങളിലും തിരക്കധികമുള്ള സമയങ്ങളിൽ മദ്യപിച്ചു യാത്ര ചെയ്യുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഇത് ഒട്ടുംതന്നെ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല എന്നുമാത്രമല്ല, മദ്യപിച്ചു യാത്രചെയ്യുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുകയും ചെയ്യാറുണ്ട്.
മദ്യപരുടെ മോശം പെരുമാറ്റം, മറ്റു യാത്രികർക്ക് അസൗകര്യങ്ങൾ സൃഷ്ടിക്കുക, ട്രെയിനിലെ സഹ യാത്രക്കാരുടെ സുരക്ഷ എന്നിവ കരുതിയാണ് മദ്യപിച്ചുള്ള യാത്ര ഒരു തരത്തിലും റെയിൽവേ അനുവദിക്കാത്തത്. യാത്രികർക്കു മാത്രമല്ല, ഡ്യൂട്ടി സമയത്ത് ഏതെങ്കിലും ജീവനക്കാർ മദ്യപിക്കുന്നതും നിയമനടപടികൾ നേരിടുന്ന തരത്തിലുള്ള കുറ്റകൃത്യമാണ്.
ട്രെയിൻ, ഫ്ലൈറ്റ് പോലുള്ള മറ്റു ഗതാഗത മാർഗങ്ങളെ അപേക്ഷിച്ച് കൂടുതൽ ലഗേജ് കൊണ്ടുപോകാനുള്ള സൗകര്യം ട്രെയിനിലുണ്ട്. എന്നാൽ ലഗേജിൽ മദ്യം കൊണ്ടുപോകുന്നതിന് അനുമതിയില്ല. സ്വന്തം ആവശ്യത്തിന് മദ്യം കയ്യിൽ കരുതാമെന്നു ചിലരെങ്കിലും തെറ്റിദ്ധരിക്കാറുണ്ട്. അതും ഇന്ത്യൻ റെയിൽവേയിൽ നിയമവിരുദ്ധമാണ്. യാത്രികരുടെ കയ്യിൽ നിന്നും മദ്യം പിടികൂടിയാൽ പിഴയും നിയമനടപടികളും ഉണ്ടാകും.




