കണ്ണൂര്‍ : രാഹുല്‍ മാങ്കൂട്ടത്തിലിന് തെറ്റുപറ്റി എന്നത് ശരിയാണ് എന്ന് മുന്‍ കെപിസിസി അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍. രാഹുല്‍ ചെയ്തത് ശരിയാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കേണ്ട എന്ന് മാത്രമേ പറഞ്ഞിട്ടുളളുവെന്നും കെ സുധാകരന്‍ പറഞ്ഞു. രാഹുല്‍ ശിക്ഷയ്ക്ക് അര്‍ഹനെങ്കില്‍ അത് നടക്കട്ടെയെന്നും നമ്മള്‍ ജനവിധി എഴുതേണ്ടെന്നും സുധാകരന്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘തെറ്റ് പറ്റി. അത് ശരിയാണ്. അവന്‍ ചെയ്തത് ശരിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ.. അതുകൊണ്ട് അവന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കേണ്ട എന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടുളളു. ഇതിനെക്കാളൊക്കെ ചെയ്ത എത്രയോ ആളുകള്‍ കേരള രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടുണ്ട്. രാഹുല്‍ ചെയ്തത് തെറ്റാണ്, മഹാ തെറ്റാണ്. അതില്‍ തര്‍ക്കമൊന്നുമില്ല. ഫോണ്‍ വിളിച്ച് ഞാന്‍ പറയേണ്ടതുപോലെ പറഞ്ഞിട്ടുമുണ്ട്. അത് രാഹുലിനോടുളള വ്യക്തിപരമായ താല്‍പ്പര്യമല്ല. പക്ഷെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെ ഹനിക്കുന്നതിന് മുന്‍പ് അതിന്റെ മുന്നും പിന്നും നോക്കണം. അത്രയേ പറഞ്ഞുളളു. അയാള്‍ക്കെതിരെ നടപടികള്‍ നടക്കട്ടെ. ശിക്ഷയ്ക്ക് അര്‍ഹനെങ്കില്‍ അത് നടക്കട്ടെ. നമ്മള്‍ ജനവിധി എഴുതണ്ട ‘: കെ സുധാകരന്‍ പറഞ്ഞു.




