കൊച്ചി :- ഇന്ന് മുതൽ കേരളത്തിൽ നിന്നുള്ള അന്തർസംസ്ഥാന സ്വകാര്യ ബസുകൾ പണിമുടക്കുമെന്ന് ബസ് ഉടമകൾ. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള ബസുകൾക്ക് അന്യായ നികുതി ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. ഇന്ന് വൈകിട്ട് ആറു മണി മുതലാണ് സമരം. കേരളത്തിൽ നിന്ന് ബെംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള കോണ്‍ട്രാക്ട് കാരിയേജ് സ്ലീപർ, സെമി സ്ലീപർ ലക്ഷ്വറി ബസുകളാണ് സർവീസ് നിർത്തിവയ്ക്കുന്നത്. തീരുമാനം ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സമിതിയുടേതാണ്.
അന്യായ നികുതി ഈടാക്കൽ, കനത്ത പിഴ ചുമത്തൽ, വാഹനങ്ങൾ സീസ് ചെയ്യൽ തുടങ്ങിയ നിയമവിരുദ്ധ നടപടികൾ തുടരുകയാണ്. അഖിലേന്ത്യാ ടൂറിസ്റ്റ് പെർമിറ്റുണ്ടായിട്ടും ബസുകൾക്ക് അന്യായമായി നികുതി ചുമത്തുകയാണെന്ന് ഉടമകൾ ആരോപിക്കുന്നു. തമിഴ്നാട്ടിനു പുറമേ കർണാടകയിലും ഇത്തരത്തിൽ നികുതി വാങ്ങുന്ന അവസ്ഥയായിരിക്കുകയാണ്. ഇക്കാര്യം ഗതാഗത മന്ത്രതലത്തിൽ ചർച്ച ചെയ്ത് പരിഹാരം കാണണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.
കേരളത്തിലെ വിവിധ നഗരങ്ങളിൽ നിന്ന് ബെംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് ദിനംപ്രതി സർവീസുകൾ നടത്തുന്നുണ്ട്. ബസുകൾ സമരം ആരംഭിക്കുന്നത് യാത്രക്കാർക്ക് ഏറെ പ്രയാസമുണ്ടാക്കും. പണിമുടക്കാനുള്ള തീരുമാനം പ്രതിഷേധം എന്നതല്ല, മറിച്ച് വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും യാത്രക്കാർക്കും സുരക്ഷ ഉറപ്പാക്കാനായുള്ള നിർബന്ധിത നടപടി മാത്രമാണെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എ.ജെ. റിജാസ്, ജനറൽ സെക്രട്ടറി മനീഷ് ശശിധരൻ എന്നിവർ അറിയിച്ചു.




