കോട്ടയം : കാന്താരിക്ക് ഇനി എരിവ് കൂടും.. വിപണിയിൽ വില കൂടി. ഗുണനിലവാരവും വലിപ്പവും അനുസരിച്ച് ഇപ്പോൾ കിലോക്ക് 600 മുതൽ 800 രൂപ വരെയാണ് വില. ലഭ്യതക്കുറവാണ് വില കൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. എല്ലാ സീസണിലും കാന്താരിക്ക് ഡിമാൻഡ് ഉണ്ടെങ്കിലും വിപണിയിൽ ഈ അടുത്തായി ആവശ്യത്തിന് എത്തുന്നില്ലെന്നാണ് കച്ചവടക്കാരുടെ ഭൂരിഭാഗം അഭിപ്രായം.
സംസ്ഥാന വിപണിയിലേക്ക് കൂടുതലായും കാന്താരി മുളക് എത്തുന്നത് തമിഴ്നാട്ടിൽ നിന്നാണ്. എന്നാൽ തമിഴ്നാട് ബോർഡർ താണ്ടി ഇവിടെയെത്തുന്ന കാന്താരിക്ക് ഗുണനിലവാരം കുറവാണെന്നാണ് പൊതു അഭിപ്രായം. നാടൻ വിഭവമായ കപ്പ ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ മെനുവിൽ ഇടം പിടിച്ചതോടെ കാന്താരിച്ചമ്മന്തിക്കും ആവശ്യമേറി. വില കുതിച്ചുയർന്നിട്ടും കേരളത്തിൽ കാന്താരിയുടെ വ്യാപക കൃഷി നടക്കുന്നില്ല.
കാന്താരിയുടെ ചില ഗുണങ്ങൾ :-
വിശപ്പു വർദ്ധിപ്പിക്കാനും കൊഴുപ്പു കുറക്കാനും കാന്താരിക്കു കഴിവുണ്ടെന്നു പറയപ്പെടുന്നു. കാന്താരി മുളകില്‍ ധരാളമായി കണ്ടു വരുന്ന ക്യാപ്‌സിസിൻ എന്ന രാസ ഘടകത്തിന് ശരീരത്തിലെ കൊളസ്റ്റ്രോളിന്റെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കും. രക്തത്തെ നേർപ്പിക്കുന്ന ഘടകങ്ങളും ഇതിലുണ്ട്. കാന്‍സര്‍ രോഗികള്‍ക്ക് വേദന കുറയ്ക്കാന്‍ ഇത് എങ്ങനെ ഉപയേഗിക്കാമെന്ന് ഗവേഷണം നടന്നു വരുന്നു. ശരീരത്തിന് ഹാനീകരമായ സൂക്ഷ്മാണുക്കളെ ഇത് പ്രതിരോധിക്കും. വാതരോഗങ്ങള്‍, പേശികളുടെ വേദന, ശരീര വേദന എന്നിവയ്‌ക്കെല്ലാം ക്യാപ്‌സിസിന്‍ ഫലപ്രദമായ ഔഷധമാണ്. കാന്താരി പോഷക മേന്മയിലും മുന്‍ നിരയില്‍ തന്നെയാണ്.




