തിരുവനന്തപുരം :- ചികിത്സ ലഭിക്കാതെ തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ മരിച്ച കൊല്ലം സ്വദേശി വേണുവിന്റെ പുതിയ ശബ്ദസന്ദേശങ്ങള്‍ പുറത്ത്. ഒരു ബന്ധുവിന് അയച്ച സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ആശുപത്രി ഏറ്റെടുക്കുമോയെന്നും സാധാരണക്കാരോട് ഇങ്ങനെ മര്യാദകേട് കാണിക്കാമോയെന്നും വേണുവിന്റെ ശബ്ദസന്ദേശത്തില്‍ ചോദിക്കുന്നു. അത്രമാത്രം സങ്കടം വന്നിട്ടാണ് താന്‍ ഈ സന്ദേശം അയക്കുന്നതെന്നും ഇത് പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരണമെന്നും വേണു ഇതിൽ പറയുന്നുണ്ട്.
വേണുവിൻ്റെ ശബ്ദ സന്ദേശത്തിൽ ഇങ്ങനെ പറയുന്നു :- ‘‘ഒരു ആന്‍ജിയോഗ്രാമും എക്കോയും എടുക്കുന്നതിന് വേണ്ടിയാണോ ഈ അഞ്ചു ദിവസം. ഈ ദിവസത്തിനുള്ളിൽ ഈ ശരീരത്തിന് എന്തെങ്കിലും സംഭവിച്ചാൽ, ആരോഗ്യം വഷളായാൽ എന്തു ചെയ്യും. എന്റെ കുടുംബത്തിന് സംഭവിക്കുന്ന നഷ്ടം ഇവരെക്കൊണ്ട് നികത്താൻ സാധിക്കുമോ. എന്തൊരു മര്യാദയില്ലാത്ത ഇടപെടലാണ് ഇവർ കാണിക്കുന്നത്. എനിക്കിത് രക്ഷപ്പെടാനുള്ള അവസാന അവസരമാണ്’’.
കൊല്ലം ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് അടിയന്തരമായി ആന്‍ജിയോഗ്രാം ചെയ്ത് ബ്ലോക്ക് മാറ്റുന്നതിനായി വേണുവിനെ തിരുവനന്തപുരത്തേക്ക് റഫര്‍ ചെയ്തത്. ഒരു നിമിഷം പോലും പാഴാക്കരുതെന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കര്‍ശനമായി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് അഞ്ചു ദിവസമായിട്ടും ആന്‍ജിയോഗ്രാം, എക്കോ തുടങ്ങിയ പരിശോധനകള്‍ക്ക് വിധേയമാക്കിയില്ല. അതിന്റെ ദുഃഖമാണ് വേണു ശബ്ദസന്ദേശത്തിലൂടെ പങ്കുവച്ചത്. ബുധനാഴ്ച വൈകിട്ട് എക്കോയും വ്യാഴാഴ്ച ആന്‍ജിയോഗ്രാമും ചെയ്യാമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. എന്നാല്‍, വ്യാഴാഴ്ച വായിച്ച പട്ടികയില്‍ പോലും വേണുവിന്റെ പേരില്ലായിരുന്നു. ക്രിയാറ്റിന്റെ അളവ് കൂടുതലായിരുന്നതുകൊണ്ടാണ് ചികിത്സ നല്‍കാതിരുന്നത് എന്നായിരുന്നു മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ വിശദീകരണം. എന്നാല്‍, ഇന്ന് പുറത്തുവന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ക്രിയാറ്റിന്റെ അളവ് കുറവായിരുന്നെന്നും ആന്‍ജിയോഗ്രാം അടക്കമുള്ള ചികിത്സകള്‍ നല്‍കി വേണുവിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.




