തടസ്സമില്ലാത്ത യാത്ര ദേശീയപാതകളിൽ ഉറപ്പാക്കാൻ ടോൾ ശേഖരണ രീതി ഒരു വർഷത്തിനകം പൂർണമായും പരിഷ്കരിക്കുമെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്ത് പത്തിടത്ത് സ്ഥാപിച്ച സംവിധാനമാണ് എല്ലാ ദേശീയപാതകളിലേക്കും വ്യാപിപ്പിക്കുന്നതെന്നും മന്ത്രി ലോക്സഭയിൽ അറിയിച്ചു. നാഷനൽ പെയ്മെന്റ് കോർപ്പറേഷൻ തയാറാക്കിയ നാഷനൽ ഇലക്ട്രോണിക് ടോൾ കലക്ഷൻ സംവിധാനം വഴിയാണ് ടോൾ പ്ലാസകൾ ഇല്ലാതെ തന്നെ തുക ഈടാക്കുക. ജിപിഎസ് ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ക്യാമറകൾ എന്നിവ സ്ഥാപിച്ച് എ ഐ സഹായത്തോടെയാണ് ടോൾ നിർണയിക്കുന്നത്. ഈ തുക ഫാസ്റ്റാഗിൽ നിന്നു ശേഖരിക്കും.
10 ലക്ഷം കോടി രൂപ ചെലവിൽ 4500 പദ്ധതികളാണ് ദേശീയപാത അതോറിറ്റി നിലവിൽ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കാൻ വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്ക് ഓഗസ്റ്റ് 15 മുതൽ വാർഷികപ്പാസ് സംവിധാനം എൻഎച്ച്എ ഐ ഏർപ്പെടുത്തിയിരുന്നു. പരിഷ്കരിച്ച പുതിയ സംവിധാനം ഉടൻ തന്നെ പ്രാവർത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു.




