തിരുവനന്തപുരം: ശബരിമലയിൽ തിരിച്ചെത്തിയ ദ്വാരപാലക പാളികളും തകിടുകളും ഡ്യൂപ്ലിക്കേറ്റ് എന്ന് സംശയം പ്രകടിപ്പിച്ച് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. സ്വർണ്ണം പൂശി തിരികെ എത്തിച്ചപ്പോൾ തൂക്കം കുറഞ്ഞതാണ് സംശയത്തിന് കാരണം. ഹൈദരാബാദിൽ നാഗേഷ് എന്നയാളുടെ അടുത്ത് പാളികൾ എത്തിച്ചതിലും ദുരൂഹത ഉണ്ടെന്ന് വിജിലൻസ് സംശയം പ്രകടിപ്പിച്ചു. ഒരു വരുമാനവും ഇല്ലാത്ത പോറ്റി തുടർച്ചയായി നടത്തിയ വഴിപാടുകളും ലക്ഷങ്ങളുടെ സംഭാവനയും സ്പോൺസർഷിപ്പും വിജിലൻസിന് സംശയമുണ്ടാക്കി. അതേസമയം, ശബരിമല സ്വർണ്ണ കവർച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രതികളെ പ്രത്യേക അന്വേഷണസംഘം ഉടൻ കസ്റ്റഡിയിലെടുത്തേക്കും എന്നാണ് വിവരം.
സന്നിധാനത്തും ബംഗളൂരുവിലും ഉൾപ്പെടെ എത്തി നിർണ്ണായ വിവരങ്ങൾ എസ്.ഐ.ടി ശേഖരിച്ചിട്ടുണ്ട്. മോഷ്ടിക്കപ്പെട്ട സ്വർണ്ണം വേഗം കണ്ടെത്തുക, ദ്വാരപാലക പാളികൾ വ്യാജമായി നിർമ്മിച്ചത് എവിടെ എന്ന് കണ്ടെത്തുക എന്നിവയ്ക്കാണ് ആദ്യഘട്ട അന്വേഷണം. അതിനിടെ, പത്തനംതിട്ടയിൽ എസ്.ഐ.ടി ഇന്ന് ക്യാമ്പ് ഓഫീസ് തുറന്നേക്കും. റാന്നി കോടതിയിൽ എഫ്ഐആറും സമർപ്പിക്കും.




