പത്തനംതിട്ട :- ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തിനായി 16ന് വൈകിട്ട് 5ന് നട തുറക്കും. നവംബര്‍ 17 മുതല്‍ പുലര്‍ച്ചെ 3 മുതല്‍ ഉച്ചക്ക് 1 വരെയും ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 11നുള്ള ഹരിവരാസനം വരെയും ദർശന സൗകര്യം ഉണ്ടായിരിക്കും. ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

നെയ്യഭിഷേകം, ഗ ണപതിഹോമം, അഷ്ടാഭിഷേകം, ഉഷപൂജ, ഉച്ചപൂജ, നിത്യപൂജ, പുഷ്പാഭിഷേകം എന്നീ വഴിപാടുകള്‍ക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ്ങുകള്‍ ആരംഭിച്ചു. നേരിട്ട് ടിക്കറ്റെടുത്ത് വഴിപാടുകള്‍ നടത്തുന്നതിനും സൗകര്യമുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പതിനെട്ടാം പടിക്കു മുമ്പായി നടപ്പന്തല്‍ മുതല്‍ പ്രത്യേകം ക്യൂ സംവിധാനവും പെട്ടെന്നു ദര്‍ശനം ലഭിക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഓൺലൈന്‍ വിർച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. പമ്പ, നിലയ്ക്കല്‍, എരുമേലി, വണ്ടിപ്പെരിയാര്‍, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ തത്സമയ ബുക്കിങ് കൗണ്ടറുകള്‍ ആരംഭിക്കും. ഓണ്‍ലൈന്‍ ആയി 70,000 പേര്‍ക്കും തത്സമയ ബുക്കിങ് വഴി 20,000 പേര്‍ക്കും ദര്‍ശനം ലഭിക്കും. ഓണ്‍ലൈന്‍ ദര്‍ശനം ബുക്ക് ചെയ്ത് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ ആ ക്വാട്ട കൂടി തത്സമയ ബുക്കിങ്ങിലേക്ക് മാറും.




