തിരുവനന്തപുരം :- നവരാത്രി ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് ഇന്ന് വിജയദശമി. അറിവിന്റെ ആദ്യാക്ഷരം കുറിക്കാനായി സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വൻ ഭക്തജനത്തിരക്ക്.
വിദ്യയുടെ ദേവതയായ സരസ്വതി ദേവിയെ പൂജിച്ച ശേഷം കുട്ടികളെ എഴുത്തിനിരുത്തുന്ന വിദ്യാരംഭം ചടങ്ങുകൾ ഇന്ന് പുലർച്ചെ മുതൽ ആരംഭിച്ചു. കൊല്ലൂർ മൂകാംബിക ക്ഷേത്രം, ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രം, എറണാകുളത്തെ ചോറ്റാനിക്കര ക്ഷേത്രം തുടങ്ങിയ എല്ലാ ക്ഷേത്രങ്ങളിലും, സാംസ്കാരിക കേന്ദ്രങ്ങളിലും ആയിരക്കണക്കിന് കുരുന്നുകളാണ് ‘ഹരിശ്രീ’ കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. പാരമ്പര്യ എഴുത്താശാൻമാരും കവികളും സാഹിത്യകാരന്മാരുമാണ് ഇവിടെ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകുന്നത്.
ഗുരുവിന്റെ മടിയിലിരുന്ന് തളികയിലെ അരിയിൽ ചൂണ്ടുവിരൽകൊണ്ട് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും. വിവിധ ക്ഷേത്രങ്ങളിലായി നിരവധി കുട്ടികളാണ് ഇന്ന് വിദ്യാരംഭം കുറിക്കുന്നത്. ആരാധനാലയങ്ങൾക്കു പുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമെല്ലാം വിദ്യാരംഭ ചടങ്ങുകൾ നടക്കുകയാണ്




