കോഴിക്കോട് ( ബാലുശ്ശേരി ) :- പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ചതുമായി ബന്ധപ്പെട്ട കേസിൽ പുതിയ വഴിത്തിരിവ്. ഗർഭിണിയാക്കിയ പ്രതി അപകടത്തിൽ മരിച്ചെന്ന പെൺകുട്ടിയുടെയും കുടുംബത്തിന്റെയും മൊഴി സത്യമല്ലെന്നു പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മൂന്ന് ആഴ്ച മുൻപാണ് പെൺകുട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവിച്ചത്. പീഡിപ്പിച്ച യുവാവുമായി തന്റെ വിവാഹം നിശ്ചയിച്ചിരുന്നതായും പിന്നീട് ഇയാൾ കോയമ്പത്തൂരിൽ അപകടത്തിൽ മരിച്ചതായും പെൺകുട്ടി മൊഴി നൽകിയിരുന്നു. യഥാർഥ പ്രതിയെ രക്ഷിക്കാൻ പെൺകുട്ടി നുണ പറയുകയാണോ എന്ന സംശയത്തിൽ പോലീസ് കൂടുതൽ അന്വേഷിച്ചപ്പോഴാണു നിർണായക വിവരങ്ങൾ ലഭിച്ചത്. പെൺകുട്ടിയെ കൂടുതൽ പേർ പീഡിപ്പിച്ചതായാണു സൂചന.

പാലക്കാട് സ്വദേശികളായ പെൺകുട്ടിയും കുടുംബവും ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു. വാടക നൽകാത്തതിനാൽ വീട് ഒഴിയേണ്ടി വന്നു. അതിനു ശേഷമാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളജ് അധികൃതർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ബാലുശ്ശേരി പോലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തിരുന്നു. പ്രസവ ശേഷം അതിജീവിത നവജാത ശിശുവുമായി യാത്ര ചെയ്യുന്നതു കണ്ട് സാമൂഹിക പ്രവർത്തകൻ സഹായം വാഗ്ദാനം ചെയ്തെങ്കിലും കുടുംബം നിരസിച്ചു. ഇപ്പോൾ പെൺകുട്ടിയും കുഞ്ഞും ശിശു സംരക്ഷണ കേന്ദ്രത്തിലായിരുന്നു.




