‘വെളുത്ത വിഷം’ എന്നാണ് പഞ്ചസാര പൊതുവെ പറയപ്പെടുന്നത്. ഇത് പല രൂപത്തിൽ നമ്മുടെ ശരീരത്തിൽ എത്താം. ഉദാഹരണത്തിന്, ജ്യൂസുകൾക്കും ഷേക്കുകൾക്കും പഞ്ചസാരയാണ് പ്രധാന രുചി. പഞ്ചസാര എന്നത് എംറ്റി കലോറിയാണ്. അതായത് ശരീരത്തിന് ഉപയോഗമില്ലാത്ത, അതേ സമയം ദോഷം ചെയ്യുന്ന കലോറി. മദ്യം പോലുളളവയിലും ഇത്തരം കലോറിയാണ് ഉള്ളത്. പഞ്ചസാര പല തരത്തിലെ അപകടങ്ങള്‍ക്കും കാരണമാകുന്നു.
ആരോഗ്യമുള്ള ഒരു സ്ത്രീക്ക് 6 ടീസ്പൂണ്‍ പഞ്ചസാര കഴിയ്ക്കാം. നാലു ഗ്രാം പഞ്ചസാരയാണ് 1 ടീസ്പൂണ്‍. ഇതില്‍ 16 കലോറി അടങ്ങുന്നു. ആരോഗ്യമുള്ള പുരുഷനെങ്കില്‍ ഇത് 9 ടീസ്പൂണ്‍ എന്നാണ് കണക്ക്. ഇതില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ ദോഷം വരും. ഇനി പഞ്ചസാരയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് പറയാം.
പ്രമേഹം
തുടർച്ചയായി അമിതമായ പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാക്കും. ടൈപ്പ് 2 പ്രമേഹമായി വികസിച്ചേക്കാം.
ഹൃദ്രോഗ സാധ്യത
അമിതമായ അളവിൽ പഞ്ചസാര കഴിക്കുന്നത് ഹൃദ്രോഗത്തിനുള്ള സാധ്യതയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിദഗ്ദ്ധർ പറയുന്നു. പഞ്ചസാര ശരീരഭാരം വർദ്ധിപ്പിക്കുകയും ശരീരത്തിൽ വീക്കം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ട്രൈഗ്ലിസറൈഡിന്റെ അളവ് ഉയർത്തുകയും ഉയർന്ന രക്തസമ്മർദ്ദത്തിനും രക്തധമനികൾ കൊഴുപ്പ് അടിഞ്ഞുകൂടി ചുരുങ്ങുന്ന അവസ്ഥയ്ക്കും കാരണമാകുകയും ചെയ്യും, ഇത് ആത്യന്തികമായി നിങ്ങളുടെ ഹൃദയത്തെ ദോഷകരമായി ബാധിക്കുന്നു
ക്യാൻസർ
പഞ്ചസാര നമ്മൾ ദിനംപ്രതി കഴിച്ചാൽ ഇവ ക്യാൻസർ സെല്ലുകളെ വളരുവാൻ സഹായിക്കും എന്ന് പഠനങ്ങളിൽ പറയുന്നു. യീസ്റ്റിന്‍റെ ഫെര്‍മെന്‍റേഷന്‍ പ്രക്രിയ നടക്കുമ്പോള്‍ സെല്ലുകള്‍ വളരുകയും വര്‍ധിക്കുകയും ചെയ്യുന്നുണ്ടെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്.
ചർമ്മത്തിന് പ്രായമാകുന്നു
പഞ്ചസാര രക്തത്തിലും ചർമ്മത്തിലും ദോഷകരമായ ഫലങ്ങൾ കാണിക്കുന്നു. ഇത് പ്രായം കൂടുതൽ തോന്നിക്കുന്നതിന് കാരണമാകുന്ന ലക്ഷണങ്ങൾ പെട്ടെന്ന് പ്രകടമാക്കുന്നതിലേക്ക് നയിക്കുന്നതിനും കാരണമാകുന്നു. ഗ്ലൂക്കോസ്, ഫ്രക്ടോസ് തന്മാത്രകളെ ചർമ്മത്തിലെ ഘടനാപരമായ സമഗ്രതയും ഇലാസ്തികതയും നിലനിർത്താൻ കാരണമാകുന്ന പ്രോട്ടീനുകളായ കൊളാജൻ, എലാസ്റ്റിൻ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഒരു പ്രക്രിയയാണ് ഗ്ലൈക്കേഷൻ. ഉപാപചയ വേളയിൽ ഇവ സ്വാഭാവികമായും ഉൽപാദിപ്പിക്കപ്പെടുന്നു, പക്ഷേ അവയുടെ വർദ്ധിച്ച അളവ് ആരോഗ്യത്തിന് ഹാനികരമാണ്.
ശരീരഭാരം
സംസ്കരിച്ച ഭക്ഷ്യ പദാർത്ഥങ്ങൾ അമിതമായി കഴിക്കുകയാണെങ്കിൽ, നിങ്ങളുടെ ശരീരത്തിൽ പോഷകങ്ങൾ ചേർക്കാതെ തന്നെ നിങ്ങളുടെ കലോറി ഉപഭോഗം വർദ്ധിക്കുന്നു. കൂടാതെ, ദ്രാവക പഞ്ചസാര നിങ്ങളുടെ വിശപ്പ് നിയന്ത്രണ സംവിധാനത്തെ അടിച്ചമർത്തുന്നു, കാരണം അവ കട്ടിയുള്ള ഭക്ഷണം പോലെ തൃപ്തിദായകമല്ല. ഇത് ഭക്ഷണം അമിതമായി കഴിക്കുന്നതിലേക്കും, അമിതവണ്ണത്തിലേക്കും നിങ്ങളെ കൊണ്ടെത്തിക്കുന്നു.
ദന്ത പ്രശ്നങ്ങൾ
വായിലെ ചീത്ത ബാക്ടീരിയകൾക്കുള്ള ഭക്ഷണമാണ് പഞ്ചസാര. ഈ ബാക്ടീരിയകൾ പല്ലിൻ്റെ ഇനാമലിനെ തകർക്കുന്ന ആസിഡുകൾ ഉത്പാദിപ്പിക്കുകയും പല്ല് നശിക്കാനും മോണരോഗത്തിനും കാരണമാകുകയും ചെയ്യും.
പെരുമാറ്റ വൈകല്യങ്ങൾ
പഞ്ചസാരയുടെ അമിത ഉപയോഗം ചില പെരുമാറ്റ വൈകല്യങ്ങൾക്ക് വരെ കാരണമായേക്കാം എന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത്, പഴങ്ങളിലും തേനിലും ധാരാളം അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ രൂപമായ ഫ്രക്ടോസും, ഉയർന്ന അളവിൽ ഫ്രക്ടോസ് അടങ്ങിയ ഒരു കൃത്രിമ മധുരമായ കോൺ സിറപ്പും അമിതമായി കഴിക്കുന്നത്, നിങ്ങളുടെ ആക്രമണാത്മക പെരുമാറ്റ സാധ്യത വർദ്ധിപ്പിക്കുകയും, അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ (എ.ഡി.എച്ച്.ഡി), ബൈപോളാർ ഡിസോർഡർ എന്നീ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു എന്നാണ്.
ആർത്രൈറ്റിസ്
പഞ്ചസാരയുടെ ഉപയോഗം ശരീരത്തിൽ വീക്കം ഉണ്ടാക്കുന്നു, ഇത് സന്ധിവാതം, വാതം എന്നിവയിലേക്ക് നയിക്കുന്നു.
വൃക്ക പ്രശ്നം
ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് കാലക്രമേണ വൃക്കകളിലെ രക്തക്കുഴലുകളെ തകരാറിലാക്കും.
വാതം
പഞ്ചസാര ചേർത്ത പാനീയങ്ങൾ രക്തത്തിലെ യൂറിക് ആസിഡിൻ്റെ
അളവ് വർദ്ധിപ്പിക്കുന്നു.