തിരുവനന്തപുരം :- അനധികൃത എയര്‍ഹോണുകള്‍ക്കെതിരെ കർശന നടപടിയുമായി മോട്ടര്‍വാഹന വകുപ്പ്. ഇന്നലെ മുതൽ ആരംഭിച്ച പരിശോധന ഈ മാസം 19 വരെ പരിശോധന നടത്താനാണ് നിർദേശം. കഴിഞ്ഞ ദിവസം കോതമംഗലത്ത് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പങ്കെടുത്ത ചടങ്ങിനിടെ അമിതവേഗത്തിലും ഹോണ്‍ മുഴക്കിയും പാഞ്ഞ ബസിനെതിരെ നടപടിയെടുക്കാൻ മന്ത്രി നിർദേശിച്ചിരുന്നു. നടപടിയുടെ ഭാഗമായി ബസിന്റെ പെർമിറ്റ് റദ്ദാക്കുകയും ചെയ്തിരുന്നു. അതിനുശേഷമാണ് പരിശോധനയ്ക്ക് നിർദേശം നൽകിയത്.
മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്ന എയര്‍ഹോണുകള്‍ പിടിച്ചെടുത്ത് റോഡ് റോളര്‍ കയറ്റി നശിപ്പിക്കണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം. ഓരോ ജില്ലയിലെയും പരിശോധനയുടെ കണക്കുകള്‍ ദിവസേന കൈമാറണമെന്നും നിര്‍ദേശമുണ്ട്. വാഹനങ്ങളിലെ എയര്‍ഹോണുകള്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി വിധി മുൻപേ ഉണ്ടായിരുന്നു. ആ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് നടപടി.




