പത്തനംതിട്ട :- ആറന്മുളയിലെ അഷ്ടമിരോഹിണി വള്ളസദ്യയുമായി ബന്ധപ്പെട്ട സമൂഹമാധ്യമ പോസ്റ്റാണ് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി തിരുത്തിയത്. ‘ഭഗവാന്റെ പേരിൽ കള്ളം പറഞ്ഞാൽ ഭഗവാൻ ഒരിക്കലും പൊറുക്കില്ലെ’ന്ന വാചകമാണ് തിരുത്തിയത്. ഈ വാചകത്തെ ‘ആചാര ലംഘനം നടന്നതായി കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാൽ അവർ വിശ്വസിക്കില്ല എന്നു മാത്രമല്ല പൊറുക്കില്ലെന്ന് ഓർക്കുന്നത് നന്ന്’ എന്നാക്കി മാറ്റി.
സെപ്റ്റംബർ 14നു ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നടന്ന അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനം ഉണ്ടായെന്നതു വ്യാജ പ്രചാരണമെന്ന വാദവുമായാണു സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി സമൂഹമാധ്യമത്തിൽ കുറിപ്പു പങ്കുവച്ചത്. ആചാരപ്രകാരം 11.20ന് ചടങ്ങുകൾ പൂർത്തിയായ ശേഷം 11.45നാണ് മന്ത്രിയും വിശിഷ്ടാതിഥികളും സദ്യയുണ്ണാൻ ഇരുന്നതെന്നും സംഘപരിവാർ മാധ്യമങ്ങളാണു വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതെന്നും സിപിഎം ആരോപിച്ചിരുന്നു. ശബരിമല സ്വർണപ്പാളി വിഷയത്തിൽ സർക്കാരിനെയും ദേവസ്വം ബോർഡിനെയും പ്രതിക്കൂട്ടിലാക്കാൻ നോക്കി പരാജയപ്പെട്ടപ്പോഴാണു പുതിയ ശ്രമമെന്നും വിമർശിച്ചിരുന്നു.
ആറന്മുളയിലെ വിവാദങ്ങളിൽ വിശദീകരണവുമായി ചൊവ്വാഴ്ച രാത്രിയാണ് സിപിഎം ജില്ലാ കമ്മിറ്റി പേജിൽ പോസ്റ്റ് ഇട്ടത്. ഇതിലെ ‘ഭഗവാൻ ഒരിക്കലും പൊറുക്കില്ല’ എന്ന ഭാഗം പാർട്ടി പ്രവർത്തകർക്കിടയിൽ ചർച്ചയായിരുന്നു. തുടർന്നാണ് ഇന്നലെ പകൽ ഇതു തിരുത്തിയത്.




