നാഗർകോവിൽ :- കൈക്കൂലി കേസിൽ നാഗർകോവിൽ നേഷമണി നഗർ പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടറായ അൻപ് പ്രകാശിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ 95000 രൂപ കൈകൂലി വാങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.
തമിഴർ പാർട്ടിയുടെ ജില്ലാദ്ധ്യക്ഷൻ രാജനെതിരെ രണ്ടുപേരെ മർദ്ദിച്ചതായി കാട്ടി ഹിന്ദു ആശാരിപ്പള്ളം പോലീസ് സ്റ്റേഷനിൽ കേസെടുത്തിരുന്നു. എന്നാൽ താൻ കുറ്റവിമുക്തനാണെന്ന് ചൂണ്ടികാട്ടി രാജൻ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ എസ്.പി സ്റ്റാലിൻ, സംഭവം വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഇൻസ്‌പെക്ടർ അൻപ് പ്രകാശിനെ ചുമതലപ്പെടുത്തി. എന്നാൽ ഇയാൾ കേസിൽ നിന്ന് പേര് നീക്കം ചെയ്യാൻ രാജനോട് 5 ലക്ഷം രൂപ കൈക്കൂലി ചോദിക്കുകയായിരുന്നു. ആദ്യം 50,000 രൂപയും പിന്നീട് 45,000 രൂപയും ഇയാൾക്ക് നൽകിയതായി രാജൻ പറയുന്നു. ബാക്കി തുകയും ആവശ്യപ്പെട്ട് ശല്യം ചെയ്തതോടെ രാജൻ ജില്ലാ വിജിലൻസ് ഡിവൈ.എസ്.പി ഹെലലിന് പരാതി നൽകുകയായിരുന്നു. തുടർന്നുള്ള വിശദമായ അന്വേഷണത്തിലാണ് അറസ്റ്റ് ചെയ്തത്.




