ശാസ്ത്രലോകം എത്ര തന്നെ വളർന്നാലും സാങ്കേതികവിദ്യകളെത്ര വളര്‍ന്നാലും പ്രപഞ്ചത്തിൽ ചിലകാര്യങ്ങളില്‍ ഉത്തരം കിട്ടാതെ ഒരു ചോദ്യചിഹ്നമായി എപ്പോഴും അവശേഷിക്കും. അക്കൂട്ടത്തിൽ ഉത്തരംകിട്ടാത്ത ചില ചോദ്യങ്ങളിലൊന്നാണ് ‘ബര്‍മുഡ ട്രയാംഗിള്‍’…1964-ല്‍ അമേരിക്കന്‍ എഴുത്തുകാരന് വിന്‍സെന്റ് ഗാഡിസാണ് ഈപ്രദേശത്തിന് ‘ബര്‍മുഡ ട്രയാംഗിള്‍’ എന്ന് പേരുനല്‍കിയത്. ‘ഡെവിൾസ് ട്രയാംഗിൾ’ എന്നും, മറയ്ക്കപ്പെട്ടയിടമെന്നും, ദൗര്‍ഭാഗ്യത്തിന്റെ സമുദ്രമെന്നുമെല്ലാം ഈ മേഖല അറിയപ്പെടുന്നു.
വിമാനങ്ങളെയും കപ്പലുകളെയും ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ വിഴുങ്ങുന്ന, പ്രേതക്കപ്പലുകള്‍ നിശ്ശബ്ദം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന, റേഡിയോകള്‍ നിശ്ചലമാകുന്ന, വടക്കുനോക്കിയന്ത്രങ്ങള്‍ ഭ്രാന്തമായി വട്ടംകറങ്ങുന്ന, ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാതെയാകുന്ന ദുരൂഹമായ ഒരിടം…അതെ അതാണ് ‘ബർമുഡ ട്രയാങ്കിൾ’..
19-ാം നൂറ്റാണ്ടുമുതല്‍ ഇതുവരെ 75 വിമാനങ്ങളും നൂറിലേറെ കപ്പലുകളും ആയിരത്തിലേറെ മനുഷ്യന്മാരും ബര്‍മുഡ ട്രയാംഗിളിനടുത്തുവെച്ച് അപ്രത്യക്ഷമായെന്നാണ് പറയപ്പെടുന്നത്. വര്‍ഷങ്ങള്‍ നീണ്ട തിരച്ചിലിൻ്റെ ഒടുവിലും ഇത്തരത്തില്‍ കാണാതായ കപ്പലുകളുടെയോ വിമാനങ്ങളുടെയോ അവശിഷ്ടങ്ങളോ കാണാതായവരുടെ മൃതശരീരങ്ങളോ കണ്ടെടുക്കാനായിട്ടില്ല.
അതുകൊണ്ടാണ് ബര്‍മുഡ ട്രയാംഗിള്‍ ഇപ്പോഴും നിഗൂഢതയുടെ പട്ടികയില്‍ തുടരുന്നത്.
എവിടെയാണ് ബര്‍മുഡ ട്രയാംഗിള്‍ ?
ബര്‍മുഡ ദ്വീപുകളെയും അമേരിക്കയിലെ ഫ്ലോറിഡയുടെ തെക്കന്‍തീരത്തെയും പ്യൂര്‍ട്ടൊറീക്കോയിലെ സാന്‍ ജുവാനെയും ബന്ധിപ്പിച്ച് ത്രികോണാകൃതിയില്‍ കിടക്കുന്ന അറ്റ്ലാന്റിക് സമുദ്രഭാഗമാണിത്. ഏകദേശം അഞ്ചുലക്ഷം ചതുരശ്രമൈല്‍ ദൂരം മുണ്ട് ഇതിന്.

ബര്‍മുഡ ദ്വീപുകളെയും അമേരിക്കയിലെ ഫ്ലോറിഡയുടെ തെക്കന്‍തീരത്തെയും പ്യൂര്‍ട്ടൊറീക്കോയിലെ സാന്‍ ജുവാനെയും ബന്ധിപ്പിച്ച് ത്രികോണാകൃതിയില്‍ കിടക്കുന്ന അറ്റ്ലാന്റിക് സമുദ്രഭാഗമാണിത്. ഏകദേശം അഞ്ചുലക്ഷം ചതുരശ്രമൈല്‍ ദൂരം മുണ്ട് ഇതിന്.

15-ാം നൂറ്റാണ്ടില്‍, ഇറ്റാലിയന്‍ നാവികനും അമേരിക്ക കണ്ടുപിടിച്ചയാളുമായ ക്രിസ്റ്റഫര്‍ കൊളംബസാണ് ബര്‍മുഡ ട്രയാംഗിളിന്റെ ദുരൂഹതയെക്കുറിച്ച് ആദ്യം പുറത്ത് കൊണ്ടുവരുന്നത്. ഈ പ്രദേശത്തുകൂടി യാത്രചെയ്യുമ്പോള്‍ വലിയ തീഗോളങ്ങള്‍ കടലില്‍ വീഴുന്നതായും തൻ്റെ വടക്കുനോക്കിയന്ത്രം അതിവേഗത്തില്‍ വട്ടം കറങ്ങിയതായും കൊളംബസ് യാത്രാവിവരണത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
1918 മാര്‍ച്ചില്‍ കരീബിയന്‍ ദ്വീപുകളില്‍നിന്ന് ബാള്‍ട്ടിമോറിലേക്ക് പോകുകയായിരുന്ന അമേരിക്കന്‍ നാവികസേനയുടെ ‘യു.എസ്.എസ്. സൈക്ലോപ്സ്’ എന്ന കപ്പല്‍ ബര്‍മുഡ ട്രയാംഗിളില്‍വെച്ച് ദുരൂഹമായി കാണാതാകുന്നതോടെയാണ് വീണ്ടും ഈ പ്രദേശം വാര്‍ത്തകളില്‍ നിറയുന്നത്.

309 പേരുണ്ടായിരുന്ന കപ്പലിനെക്കുറിച്ച് ഒരു വിവരംപോലും ഇന്നേവരെ ലഭിച്ചിട്ടില്ല. കൂടാതെ, അപകടസൂചനകളൊന്നും കപ്പല്‍ പങ്കുവെച്ചിട്ടുണ്ടായിരുന്നുമില്ല.
1941-ല്‍ യു.എസിന്റെ തന്നെ ‘യു.എസ്.എസ്. പ്രോട്ടിയസ്’ എന്ന കപ്പലും ഒരുമാസത്തിനുശേഷം ‘യു.എസ്.എസ്. നീറോസ്’ എന്ന കപ്പലും ഇവിടെവെച്ച് അപ്രത്യക്ഷമായി. 1945-ല്‍ ‘യു.എസിന്റെ ഫ്ളൈറ്റ്-19′ എന്ന അഞ്ച് ടി.ബി.എം. അവെഞ്ചര്‍ ടോര്‍പിഡോ ബോംബര്‍ വിമാനങ്ങള്‍ ബര്‍മുഡ ട്രയാംഗിളിനു മുകളില്‍ വെച്ച് റഡാറില്‍നിന്ന് മറഞ്ഞു. ഇവയെ അന്വേഷിച്ചുപോയ മറ്റൊരു വിമാനവും ഇതേ സ്ഥലത്ത് വെച്ച് കാണാതായി.
”എല്ലാം ദുരൂഹമായി തോന്നുന്നു… വെള്ളനിറത്തിലുള്ള സമുദ്രത്തിലേക്ക് പോകുകയാണ് ഞങ്ങള്‍, ഒന്നും ശരിയായി തോന്നുന്നില്ല. എവിടെയാണ് ഞങ്ങളെന്നറിയില്ല.. വെള്ളയല്ല പച്ചനിറത്തിലാണ് വെള്ളം” – കാണാതായ വിമാനങ്ങളിലൊന്നിലെ പൈലറ്റ് നല്കിയ അവസാന സന്ദേശം ഇങ്ങനെയായിരുന്നു. അവശിഷ്ടങ്ങളൊന്നും കണ്ടെത്താനാകാത്തതോടെ അപകടകാരണം വ്യക്തമല്ലെന്ന റിപ്പോര്‍ട്ടില്‍ യു. എസ്. അന്വേഷണം അവസാനിപ്പിച്ചു. ”വിമാനങ്ങള്‍ നേരെ ചൊവ്വയിലേക്ക് കടന്നപോലെ” എന്നായിരുന്നു റിപ്പോര്‍ട്ടിലെ പരാമര്‍ശം.
1948-ല്‍ യു.എസിന്റെ ഡി.സി.-3 യാത്രാവിമാനവും ബ്രിട്ടീഷ് അവ്റോ ടുഡോര്‍ വിമാനവും ഇവിടെനിന്ന് കാണാതായി. 1949-ല്‍ ബര്‍മുഡയില്‍നിന്ന് ജമൈക്കയിലേക്ക് പുറപ്പെട്ട ജി-എഗ്രി വിമാനം, 1963-ല്‍ എസ്.എസ്. മറൈന്‍ സള്‍ഫര്‍ ക്ലീന്‍, 1967-ല്‍ സില്‍വിയ എല്‍. ഒസ്സ എന്ന ചരക്കുകപ്പല്‍, 1984-ല്‍ ബഹാമസില്‍നിന്ന് പുറപ്പെട്ട യാത്രാവിമാനം സെസ്ന തുടങ്ങിയവ ബര്‍മുഡ ട്രയാംഗിള്‍ വിഴുങ്ങിയതില്‍ ചിലതുമാത്രം. 2020 ഡിസംബറില്‍ ബഹാമസില്‍നിന്ന് ഫ്ളോറിഡയിലേക്കുപോയ യാത്രാബോട്ട് കാണാതായതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
ഷഡ്ഭുജ മേഘങ്ങൾ
ബര്‍മുഡ ട്രയാംഗിളിനെ സംബന്ധിച്ച് ഇതുവരെയുണ്ടായതില്‍ ഏറ്റവും വിശ്വസനീയമായ പഠനം 2016-ല്‍ കൊളറാഡോ സര്‍വകലാശാല നടത്തിയ പഠനമാണ്. ബര്‍മുഡ ട്രയാംഗിളിന് മുകളിലുള്ള മേഘങ്ങളെ നിരീക്ഷിച്ച ശാസ്ത്രജ്ഞര്‍ ഷഡ്ഭുജാകൃതിയിലുള്ള മേഘക്കൂട്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവയ്ക്ക് മണിക്കൂറില്‍ 170 മൈല്‍ വരെ വേഗമുള്ള അതിശക്തമായ വായു പുറന്തള്ളാനാകുമെന്നും പഠനത്തില്‍ പറയുന്നു. ‘ഹറികെയ്ന്‍ ഫോഴ്സ് വിന്‍ഡ്’ എന്നറിയപ്പെടുന്ന ഈ കാറ്റിന് 45 അടി വരെ ഉയരമുള്ള തിരമാലകള്‍ സൃഷ്ടിക്കാനുമാകും. ഇങ്ങനെയുള്ള തിരമാലകളെ പ്രതിരോധിക്കാന്‍ കപ്പലുകള്‍ക്കോ ഇത്രവേഗത്തില്‍ വീശുന്ന കാറ്റിനെ പ്രതിരോധിക്കാന്‍ വിമാനങ്ങള്‍ക്കോ കഴിയാത്തതാകാം ബര്‍മുഡ ട്രയാംഗിളിലെ അപകടങ്ങള്ക്കുകാരണമെന്നും കൊളറാഡോ ശാസ്ത്രജ്ഞര്‍ പറയുന്നു.
പ്രചരിക്കുന്ന കഥകൾ
ഇന ഒരു പ്രതിഭാസത്തെക്കുറിച്ച് മാനുഷികവും അമാനുഷികവുമായ ധാരാളം കഥകള്‍ സമൂഹത്തിൽ പ്രചരിക്കുന്നുണ്ട്. അറ്റ്ലാന്റിക്കില്‍ മുങ്ങിപ്പോയെന്ന് യവനപുരാണങ്ങളില്‍ പറയുന്ന അറ്റ്ലാന്റിസ് ദ്വീപാണ് ബര്‍മുഡ ട്രയാംഗിളിലെ അപകടങ്ങള്‍ക്ക് കാരണമെന്നും അന്യഗ്രഹജീവികളുടെ ലോകത്തേക്കുള്ള വാതിലാണതെന്നും തുടങ്ങിയ അന്ധവിശ്വാസങ്ങളും കെട്ടുകഥകളും ബര്‍മുഡ ട്രയാംഗിളിനെ ചുറ്റിപ്പറ്റിയുണ്ട്.
മിഥ്യാ ത്രികോണം
അതേസമയം, ബര്‍മുഡ ട്രയാംഗിളെന്നത് വെറും മിഥ്യയാണെന്നും ഇവിടെ നടക്കുന്ന അപകടങ്ങൾ അത്ര വലുതല്ലെന്നും, അഭിപ്രായപ്പെടുന്ന ശാസ്ത്രജ്ഞരുമുണ്ട്. ബര്‍മുഡ ട്രയാംഗിള്‍ എന്നൊരു മേഖല തന്നെയില്ലെന്നാണ് അമേരിക്ക പറയുന്നത്. ബര്‍മുഡ ട്രയാംഗിള്‍ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും തിരക്കുകൂടിയതുമായ കപ്പല്‍പ്പാതയിലാണുള്ളത്. അതുകൊണ്ടാണ് അപകടങ്ങളുടെ തോത് കൂടുതലായി തോന്നുന്നതെന്നും അഭിപ്രായപ്പെടുന്ന പഠനങ്ങളുമുണ്ട്.
ബർമുഡ ട്രയാങ്കിളിലെ ദുരൂഹതകളിൽ നിന്ന് രക്ഷപ്പെട്ട ഒരേയൊരു വ്യക്തി ബ്രൂസ് ഗെർണോൺ ആയിരുന്നു.
1970ൽ തന്റെ പിതാവിനൊപ്പം ഒരു വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടയിൽ അവരുടെ വിമാനം വിചിത്രമായ ഒരു പ്രതിഭാസത്തിൽ അകപ്പെട്ടു. ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ പറ്റിയില്ല. പക്ഷെ നീലനിറത്തിലുള്ള മൂടൽമഞ്ഞ് അവരുടെ വിമാനത്തിന് ചുറ്റും കറങ്ങാൻ തുടങ്ങി പെട്ടന്ന് മേഘങ്ങൾ ഒരു വലിയ തുരങ്കം പോലെ ആയി. വടക്കുനോക്കിയന്ത്രവും വിമാനത്തിലെ എല്ലാ ഉപകരണങ്ങളും തകരാറിലായി. പക്ഷെ അപ്പോഴും ആ വിമാനം പറക്കുന്നുണ്ടായിരുന്നു. സാധാരണയായി 45 മിനിറ്റ് എടുക്കേണ്ട യാത്ര വെറും 10 മിനിറ്റിനുള്ളിൽ പൂർത്തിയായി. ഈ അനുഭവം അദ്ദേഹം തന്റെ ‘ദി ഫോഗ്’ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ശേഷം ഇത് ഒരു ‘ഇലക്ട്രോണിക് ഫോഗ്’ ആണെന്നും ഈ അവകാശവാദം ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതിനാൽ വിശ്വസിക്കാൻ പറ്റില്ലെന്നും ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ളവർ പറഞ്ഞു.. പഠനങ്ങള്‍ ഒരുപാടുണ്ടായെങ്കിലും ബര്‍മുഡ ട്രയാംഗിളിലെ ദുരൂഹതകളുടെ മറ പൂര്‍ണ്ണമായും നീക്കാന്‍ ഒരു ഗവേഷണങ്ങള്‍ക്കും സാധിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.. അങ്ങനെ ബർമുഡ ട്രയാംഗിൾ നിഗൂഢമായി ഇപ്പോഴും തുടരുന്നു..




