വയനാട്ടിൽ സിപ്പ് ലൈൻ അപകടം എന്ന പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്ന കേസിൽ യുവാവ് അറസ്റ്റില്‍. സൈബർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ തിരുവമ്പാടി സ്വദേശി അഷ്കർ അലിയാണ് പോലീസിന്റെ പിടിയിലായത്. വയനാട് സൈബർ പൊലീസ് എസ് എച്ച് ഒ ഷജു ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ഇയാളെ ആലപ്പുഴയിൽ നിന്നാണ് പിടികൂടിയത്. ആലപ്പുഴയിൽ നാലു കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അഷ്കർ അലി.
കുറച്ച് ആഴ്ചകള്‍ക്ക് മുൻപാണ് വയനാട്ടിലെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിൽ സിപ്പ് ലൈൻ പൊട്ടിയുണ്ടായ അപകടത്തിൻ്റെ ദൃശ്യങ്ങൾ എന്ന അടിക്കുറിപ്പോടെ ഇയാൾ വീഡിയോ പ്രചരിച്ചത്. നിമിഷനേരങ്ങൾക്കുള്ളിൽ വാട്‌സ്ആപ്പ്, ഫേസ്ബുക്ക് ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിൽ വ്യാജ വീഡിയോ പ്രചരിച്ചിരുന്നു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ എന്ന തരത്തിലാണ് വ്യാജ വീഡിയോ പ്രചരിച്ചത്. കുഞ്ഞുമായി യുവതി സിപ്പ് ലൈനിൽ പോകാൻ തയ്യാറാകുന്നതിനിടെ ലൈൻ പൊട്ടുന്നതും ഇവർക്കൊപ്പം ഉണ്ടായിരുന്ന ഗൈഡ് താഴേക്ക് വീഴുന്നതുമാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്.




