പത്തനംതിട്ട :- തിരുവല്ല കുറ്റൂരിൽ 14 വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടു പേർ അറസ്റ്റിൽ. ബംഗാളിലെ മാൽഡ ജില്ലയിലെ ഗംഗാരാംപുർ സ്വദേശികളായ ജയന്ത് രാജ് (22), ചെറുറായ് (35) എന്നിവരാണ് അറസ്റ്റിലായത്. പീഡനത്തിനിരയായത് ഇതര സംസ്ഥാന തൊഴിലാളിയുടെ മകളാണ്. പോക്സോ വകുപ്പുകൾ അടക്കം പ്രതികൾക്കെതിരെ ചുമത്തിയതായി പോലീസ് അറിയിച്ചു.
അമ്മയും അച്ഛനും ജോലിക്ക് പോയപ്പോൾ ഗോത്രഭാഷ മാത്രം അറിയാവുന്ന കുട്ടികൾ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. റോഡിൽ ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങൾ എടുക്കാനായി കുട്ടികൾ പുറത്തിറങ്ങിയ തക്കം നോക്കി മുറിയിൽ കയറി ഒളിച്ചിരുന്ന പ്രതികൾ. കുട്ടികൾ തിരികെയെത്തി വാതിലടച്ച് ഉറങ്ങാൻ കിടന്ന സമയം 14 കാരിയെ പീഡിപ്പിക്കുകയായിരുന്നു. ഇളയകുട്ടിയായ ഒന്നര വയസ്സുകാരി പേടിച്ച് നിലവിളിച്ചപ്പോൾ പ്രതികളിലൊരാൾ കുട്ടിയുടെ വായ് പൊത്തിപ്പിടിച്ചു. പുറത്തിറങ്ങിയോടിയ കുട്ടികൾ അയൽക്കാരെ വിവരമറിയിച്ചതിനെ തുടർന്ന് ഓടിയെത്തിയ ആളുകൾ ചേർന്ന് പ്രതികളെ മുറിയിലിട്ട് പൂട്ടുകയും തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.




