തിരുവനന്തപുരം :- മണ്ഡലകാലത്ത് ശബരിമലയിലെ തിരക്ക് അനിയന്ത്രിതമായി വർദ്ധിക്കാറുണ്ട്. ഈ മണ്ഡലകാലത്തും കാര്യങ്ങൾ വ്യത്യസ്തമല്ല. മണ്ഡലകാലം തുടങ്ങിയപ്പോൾ തന്നെ ശബരിമലയിൽ വൻ ഭക്തജന തിരക്കാണ്. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി റാവാഡ ചന്ദ്രശേഖർ പറഞ്ഞു. കേന്ദ്രസേന ബിഹാർ തിരഞ്ഞെടുപ്പിനുശേഷം എത്തുമെന്നാണ് പറഞ്ഞിരുന്നത്. 20ന് മുൻപ് സേന എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും റാവാഡ ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു. ഭക്തർക്ക് ആശങ്കയുടെ ആവശ്യമില്ല.
17ന് ഒരുലക്ഷത്തിൽ അധികം ആളുകൾ വന്നു. 16–ാം തീയതി 60,000 തീർഥാടകരാണ് ശബരിമലയിലെത്തിയത്. ഇന്ന് രാവിലെ മുതൽ തിരക്കുണ്ടായിരുന്നു. ആവശ്യമായ ക്രമീകരണങ്ങൾ പോലീസ് ഒരുക്കിയിരുന്നു. സ്പോട്ട് ബുക്കിങിന് തിരക്കുണ്ട്. അത് കുറയ്ക്കാൻ നടപടിയെടുക്കും. 3,200 പോലീസുകാർക ശബരിമലയിൽ ഡ്യൂട്ടിയിലുണ്ട്. ഭക്തരുടെ വരവ് കൂടിയിട്ടുണ്ട്. പ്രതിദിനം 3,000 ബസ് വന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ 5,000 ബസ്സാണ് വരുന്നത്. വെർച്വൽ ക്യൂ മാത്രമാണെങ്കിൽ പ്രശ്നമില്ലെന്നും സ്പോട്ട് ബുക്കിങ് കൂടി വരുമ്പോഴാണ് തിരക്ക് കൂടുന്നതെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.




