കൊച്ചി :- ജയിലിൽ മർദനമേറ്റ എൻഐഎ കേസ് പ്രതി മനോജിനെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും തവനൂർ ജയിലിലേക്കു മാറ്റും. മർദനമേറ്റ പ്രതിക്ക് കൃത്യസമയത്ത് ചികിത്സ നൽകിയില്ലെന്നും, ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കിയാണ് കോടതി ഉത്തരവ്. അതീവ സുരക്ഷ ആവശ്യമുള്ള ജയിലിലെ സിസിടിവി ക്യാമറകൾ കൃത്യമായി പരിപാലിച്ചില്ലെന്നും കോടതി വിമർശിച്ചു. ഇത്രയും വലിയ സുരക്ഷ വേണ്ടിടത്ത് എന്തുകൊണ്ട് കാര്യങ്ങൾ കൃത്യമായി ചെയ്തില്ലെന്നായിരുന്നു ചോദ്യം. ഇനി കേന്ദ്രഫണ്ട് കൊണ്ടാണ് ക്യാമറ സ്ഥാപിക്കുന്നതെന്ന് എൻഐഎ അറിയിച്ചു.
സംസ്ഥാനമായാലും, കേന്ദ്രമായാലും ആവശ്യ സമയത്ത് ദൃശ്യങ്ങൾ കിട്ടില്ലെന്നായിരുന്നു കോടതി വിമർശനം. പ്രതികൾക്ക് ക്യാമറ ശരിയാക്കാൻ പറ്റില്ലല്ലോയെന്ന് പരിഹസിച്ച കോടതി ഇവരുടെ സുരക്ഷ സംസ്ഥാനത്തിന്റെ ചുമതലയാണെന്ന് ഓർമിപ്പിച്ചു.
മനോജിന് അതിക്രൂര മർദനമേറ്റിട്ടും ചികിത്സ നൽകിയില്ല, പരുക്കുള്ളപ്പോൾ അനുവാദമില്ലാതെ ജയിൽ മാറ്റി. ഇക്കാര്യങ്ങളൊന്നും അംഗീകരിക്കാനാകില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് മനോജിന് മർദനമേറ്റ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി തേടിയത്. ജയിലുദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്ന് കോടതി പറഞ്ഞു. എന്തുകൊണ്ട് ആശുപത്രിയിൽ കൊണ്ടു പോയില്ല എന്ന കോടതിയുടെ ചോദ്യത്തിന് പ്രതി ആവശ്യപ്പെട്ടില്ല എന്നായിരുന്നു നേരിട്ടു ഹാജരായ വിയ്യൂർ ജയിൽ സൂപ്രണ്ടിന്റെ മറുപടി.
എന്തിനാണ് പ്രതി ആവശ്യപ്പെടുന്നത് എന്നായിരുന്നു കോടതിയുടെ മറുചോദ്യം. പൂജപ്പുര ജയിലിൽ വച്ചും തനിക്ക് മർദനമേറ്റെന്നു മനോജ് കോടതിയെ അറിയിച്ചു. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ മനോജിന് വൈദ്യപരിശോധന നടത്താനും, ശേഷം തവനൂർ ജയിലിലേക്കു മാറ്റാനും കോടതി നിർദേശിക്കുകയായിരുന്നു. മനോജിനോട് പരാതി എഴുതി നൽകാനും നിർദേശമുണ്ട്.




