വൈക്കം : – വൈക്കം വലിയ കവലയിൽ വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ അമിത വേഗത്തിൽ എത്തിയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിരെ വന്ന വാഹനങ്ങളിൽ ഇടിച്ച ശേഷം റോഡരികിലെ കടയും തകർത്തു. അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവറെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓട്ടോറിക്ഷാ ഡ്രൈവർ കടുത്തുരുത്തി വെള്ളാശ്ശേരി ചോതൻങ്കേരിൽ നിഥിൻ (34)നാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട് എത്തിയ ഓട്ടോ എതിരെ വന്ന സ്കൂട്ടറിലും തുടർന്ന് കാറിലും ഇടിച്ച ശേഷം കപ്പലണ്ടി വ്യാപാരിയുടെ ഉന്തുവണ്ടിയിലും ഇടിച്ച ശേഷം റോഡരികിലെ അക്വേറിയം ഉൽപ്പന്നങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. വാഹനം വരുന്നത് കണ്ട് കടയുടമയും ഇതിന് മുൻവശത്ത് നിന്നവരും ഉടൻ ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ വ്യാപാര സ്ഥാപനത്തിൻ്റെ മുൻവശത്തെ ഗ്ലാസ് പൂർണ്ണമായി തകർന്നു. ഫർണീച്ചറുകൾക്കും വില്പനക്കായി വച്ചിരുന്ന ഉത്പ്പന്നങ്ങൾക്കും നാശനഷ്ടം ഉണ്ടായി. സംഭവത്തിൽ വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു.




