നമ്മുടെ നാട്ടിൽപുറങ്ങളിൽ കൂടുതലായും കണ്ടുവരുന്ന ഒന്നാണ് ഇരുമ്പൻ പുളി. ഇത് പല സ്ഥലങ്ങളിലും പല പേരുകളിലാണ് അറിയപ്പെടുന്നത്. ഇലുമ്പിക്ക, ചിലിമ്പിക്ക ഇരുമ്പൻ പുളി എന്നിങ്ങനെയുള്ള പേരുകളിലാണ് അറിയപ്പെടുക. ഇത് സാധാരണമായും കറികളിൽ പുളിക്കുവേണ്ടിയും അച്ചാറുകൾ ഉണ്ടാക്കാൻ വേണ്ടിയുമാണ് ഉപയോഗിക്കാറ്. എന്നാൽ ഇരുമ്പൻപുളി ഉപയോഗിച്ച് സ്വാദിഷ്ടമായ ജ്യൂസ് ഉണ്ടാക്കാനും സാധിക്കും.
വേനൽ സമയത്ത് നാരങ്ങാവെള്ളത്തിന് പകരമായി വീട്ടിൽ അതിഥികളോ മറ്റോ വന്നാൽ അവർക്കും നൽകാവുന്ന ഒരു അടിപൊളി ജ്യൂസ് ആണ് ഇരുമ്പൻപുളി ജ്യൂസ്. പക്ഷേ, ഇതിനെക്കുറിച്ച് നമ്മളിൽ ഭൂരിഭാഗം ആളുകൾക്കും അറിയില്ല.
ശ്രദ്ധിക്കേണ്ടത് :
വൃക്കസംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ ഇത് ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. മാത്രമല്ല ദിവസവും ഈ ജ്യൂസ് കുടിക്കുന്നതും ഒഴിവാക്കണം. ഇരുമ്പന്‍ പുളി അങ്ങനെ തന്നെ ഉപയോഗിക്കാതെ അതിന്റെ സത്ത് മാത്രമെടുത്ത് ജ്യൂസ് ആക്കുന്നതാണ് കുറച്ചുകൂടി സുരക്ഷിതം.
ജ്യൂസ് ഉണ്ടാക്കാം
ചേരുവകള്‍
1 ഇരുമ്പന്‍പുളി : 6 എണ്ണം
2 പഞ്ചാര : 4 ടീസ്പൂണ്‍ / ആവശ്യത്തിന്
3 ഏലക്കായ: 4 എണ്ണം
(വേണമെങ്കിൽ ഒരു കഷണം ഇഞ്ചിയും ചേർക്കാം)
തയ്യാറാക്കുന്ന വിധം
ആദ്യം ഇരുമ്പന്‍പുളി മിക്‌സിയില്‍ നന്നായി അടിച്ച് അതിന്റെ സത്ത് അരിച്ചെടുക്കുക. ബാക്കി ചേരുവകള്‍ എല്ലാം ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക പിന്നീട് അതില്‍ ആവശ്യത്തിന് വെള്ളവും ആദ്യം തയ്യാറാക്കിയ സത്തും ചേര്‍ത്താൽ സ്വാദിഷ്ടമായ ഇരുമ്പൻ പുളി ജ്യൂസ് റെഡി.




