പാലക്കാട് :- ശബരിമലയിലെ രാഷ്ട്രപതിയുടെ ദർശനത്തെ വിമർശിച്ചു ഡിവൈഎസ്പിയുടെ വാട്സാപ് സ്റ്റാറ്റസ്. ഷൊർണൂർ ഡിവൈഎസ്പി ആർ.മനോജ് കുമാറാണ് സ്റ്റാറ്റസ് ഇട്ടത്. ആചാര ലംഘനമുണ്ടായെന്നും രാഷ്ട്രപതിയുടെ സന്ദർശനത്തിൽ ആചാര ലംഘനമുണ്ടായെന്നും ഹൈക്കോടതി വിധികൾ കാറ്റിൽ പറത്തിയെന്നും സ്റ്റാറ്റസിലുണ്ട്.
ആർക്കും വിഐപി പരിഗണന നൽകരുതെന്നും ഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്നും വാഹനത്തിൽ മലകയറ്റരുതെന്നും ഹൈക്കോടതി വിധിയുണ്ട്. ഇതെല്ലാം ലംഘിച്ചു. യൂണിഫോമിട്ട് സുരക്ഷാ ഉദ്യോഗസ്ഥർ പതിനെട്ടാംപടി ചവിട്ടി. ആചാരലംഘനം അറിഞ്ഞിട്ടും ബിജെപിയും കോൺഗ്രസും നാമജപ യാത്ര നടത്തിയില്ല. ഇത് പിണറായി വിജയനാണെങ്കിൽ എന്തായിരിക്കും ഇവിടെ ഉണ്ടാവുക. അപ്പോൾ പ്രശ്നം ആചാരമോ വിശ്വാസമോ അല്ലെന്നും രാഷ്ട്രീയമാണെന്നും സ്റ്റാറ്റസിലുണ്ട്. ട്രെയിൻ യാത്രയ്ക്കിടെ വാട്സാപിൽ വന്ന കുറിപ്പ് അബദ്ധത്തിൽ കൈ തട്ടി സ്റ്റാറ്റസ് ആകുകയായിരുന്നു മനപ്പൂർവം ചെയ്ത് അല്ലെന്നും ഡിവൈഎസ്പി പറയുന്നു.




