കോട്ടയം :- ഡിജിറ്റൽ അറസ്റ്റിലാണെന്നു ചങ്ങനാശ്ശേരി സ്വദേശികളായ വൃദ്ധദമ്പതികളെ വിശ്വസിപ്പിച്ച് പണം തട്ടാനുള്ള നീക്കം തടഞ്ഞ് ബാങ്ക് അധികൃതരും സൈബർ പോലീസും. പോലീസ് ഓഫീസറുടെ വേഷത്തില്‍ വാട്ട്സ് ആപ്പിൽ വീഡിയോ കോളില്‍ വന്നായിരുന്നു തട്ടിപ്പ്. ദമ്പതികളുടെ അക്കൗണ്ടിലൂടെ പരിധിയിൽ കവിഞ്ഞ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നു വിശ്വസിപ്പിക്കുകയായിരുന്നു തട്ടിപ്പുകാർ. ഇത് രാജ്യവിരുദ്ധ ഇടപാടുകൾക്കായി ഉപയോഗിക്കുന്നുണ്ടെന്നും പറഞ്ഞു. 50 ലക്ഷം രൂപ നൽകിയാൽ അറസ്റ്റിൽ നിന്ന് ഒഴിവാക്കാമെന്നും പറഞ്ഞു.
ദമ്പതികൾ ഇതു വിശ്വസിച്ച് ഇന്നലെ ചങ്ങനാശ്ശേരി ഫെഡറൽ ബാങ്ക് ശാഖയിലെത്തി ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടിരുന്ന 50 ലക്ഷം രൂപ പിൻവലിക്കാൻ മാനേജരെ സമീപിച്ചു. മറ്റൊരു സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് പണം അയക്കാനായിരുന്നു തട്ടിപ്പുകാരുടെ നിർദേശം. സംശയം തോന്നിയ ബാങ്ക് മാനേജർ ശ്രീവിദ്യ തട്ടിപ്പുകാരുടെ അക്കൗണ്ടുള്ള ബാങ്കുമായി ബന്ധപ്പെട്ടു. ഇതു തട്ടിപ്പ് അക്കൗണ്ട് ആണെന്നു മനസിലാക്കി ഇടപാട് നടത്താതെ ഇവരെ തിരിച്ചയച്ചു.
ഇന്ന് ദമ്പതികൾ വീണ്ടും ബാങ്കിലെത്തി 50 ലക്ഷം രൂപ ട്രാൻസാക്ഷൻ ചെയ്യുന്നതിന് ബാങ്ക് മാനേജരെ നിർബന്ധിച്ചു. തട്ടിപ്പു മണത്ത ബാങ്ക് അധികൃതർ പോലീസിൽ വിവരം അറിയിക്കുകയും. ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബാങ്കിലെത്തി ദമ്പതികളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തട്ടിപ്പില്‍ നിന്നും രക്ഷിക്കുകയായിരുന്നു. ഈ സമയമത്രയും ദമ്പതികള്‍ വെർച്വൽ അറസ്റ്റിൽ തുടരുന്ന നിലയിലായിരുന്നു. പോലീസ് ഇടപെട്ടുവെന്നു മനസിലായതോടെ തട്ടിപ്പുകാര്‍ കോള്‍ കട്ടാക്കി മുങ്ങുകയായിരുന്നു.




