അർജൻ്റീന ക്യാപ്റ്റന്‍ ലയണല്‍ മെസി അടുത്ത വർഷത്തെ ഫിഫ ലോകകപ്പിൽ മത്സരിക്കുമെന്ന് റിപ്പോർട്ട്. എന്നാൽ, കാര്യങ്ങളെല്ലാം അനുകൂലമായെങ്കിൽ മാത്രമേ കിരീടം നിലനിര്‍ത്താനുള്ള അര്‍ജന്റീനയുടെ ടീമിൽ മെസി ഉണ്ടാകുകയുള്ളൂ. അതേസമയം, കളിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ അദ്ദേഹം ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല എന്നാണ് അറിയാൻ സാധിച്ചത്.
കൂടാതെ, നൂറ് ശതമാനം ഫിറ്റ്‌നസും അര്‍ജന്റീനയ്ക്ക് വേണ്ടി സുപ്രധാന സംഭാവന നല്‍കാന്‍ കഴിയുമെങ്കിൽമാത്രമേ കളിക്കാന്‍ ഒരുങ്ങുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. സത്യത്തിൽ ഫിഫ ലോകകപ്പില്‍ പങ്കെടുക്കാന്‍ കഴിയുന്നത് ഒരു അസാധാരണ കാര്യമാണെന്നും എന്‍ ബി സി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുകയുണ്ടായി.
‘എനിക്ക് ഇനിയും ലോകകപ്പ് കളിക്കാൻ ആഗ്രഹമുണ്ട്. അടുത്ത വര്‍ഷം മയാമിയിലെ പ്രീസീസണ്‍ ആരംഭിക്കുമ്പോള്‍ ഞാന്‍ ദിവസേന വിലയിരുത്തും. എനിക്ക് 100 ശതമാനം കളിക്കാന്‍ കഴിയുമോ എന്ന് നോക്കും. ലോകകപ്പ് ആയതിനാല്‍ എനിക്ക് ശരിക്കും ആകാംക്ഷയുണ്ട്. ലോകകപ്പ് നിലനിർത്താൻ ഞങ്ങൾ പരമാവധി ശ്രമിക്കും. കളിക്കളത്തില്‍ അത് പ്രതിരോധിക്കാന്‍ കഴിയുന്നത് അതിശയകരമാണ്’ അദ്ദേഹം പറഞ്ഞു. അടുത്ത വർഷം ആദ്യം മുതലാണ് മയാമി പ്രി സീസൺ ആരംഭിക്കുന്നത്.




