മുംബൈ :- മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് പാക്കിസ്ഥാനിലെ അൽ ഖായിദ ഉൾപ്പെടെയുള്ള ഭീകര സംഘടനകളുമായി ബന്ധമുള്ള സോഫ്റ്റ്‌വെയർ എൻജിനീയറെ അറസ്റ്റ് ചെയ്തു. യുവാക്കളെ വിവിധ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൂനെ നഗരത്തിൽ നിന്നാണ് സുബൈർ ഹംഗാർഗേക്കർ എന്നയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം മുതൽ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു സുബൈർ. പ്രത്യേക യുഎപിഎ കോടതി നവംബർ 4 വരെ സുബൈറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും മഹാരാഷ്ട്രയിലും രാജ്യത്തെ മറ്റ് നഗരങ്ങളിലും ഇയാൾ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തതായും പോലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടി.

യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കാൻ ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന നിരവധി വസ്തുക്കൾ സുബൈറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെടുത്തു. വിവിധ രേഖകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയാണ് ലഭിച്ചത്. ഭീകരവാദത്തിലേക്കും വിവിധ സംഘടനകളിലേക്കും ഓൺലൈൻ വഴിയാണ് ഇയാൾ യുവാക്കളെ ആകർഷിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ.




