കൊച്ചി :- അഞ്ഞൂറിലേറെ പേരിൽ നിന്നു വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത ആൾ പിടിയിൽ. ഇടുക്കി കരിമ്പൻ മണിപ്പാറ കാവുംപറമ്പിൽ വീട്ടിൽ ജ്യോതിഷ് കെ.ജെയെ ആണ് ബെംഗളൂരുവിൽ നിന്ന് എറണാകുളം സെൻട്രൽ പോലീസ് പിടികൂടിയത്. വിമൽ എന്ന പേരിൽ താടിയും മീശയുമൊക്കെ നീക്കം ചെയ്ത് രൂപമാറ്റം വരുത്തിയായിരുന്നു ഇയാളുടെ ബെംഗളൂരുവിലെ ഒളിവുജീവിതം.
ജ്യോതിഷും കൂട്ടാളികളും കൊച്ചി കേന്ദ്രമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബെഥനി ടൂർസ് പ്രൈ. ലിമിറ്റഡ് കമ്പനി സ്ഥാപിച്ച് അതിൻ്റെ മറവിലായിരുന്നു ജ്യോതിഷന്റെ ജോലി തട്ടിപ്പ് അരങ്ങേറിയത്. ഈ സ്ഥാപനങ്ങളിലൂടെയെല്ലാം ഇവർ റിക്രൂട്ട്മെന്റ് നടത്താൻ ശ്രമിച്ചിരുന്നു എന്നാണ് വിവരം. പ്രധാനമായും ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് ചെറുകിട ജോലികൾ വാഗ്ദാനം ചെയ്താണ് ഇരകളെ ആകർഷിച്ചത്. ഇതിനായി വിവിധ ഗഡുക്കളായി ഒന്നര ലക്ഷം രൂപ മുതൽ 3 ലക്ഷം വരെ ഇവർ കൈപ്പറ്റി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ ഇത്തരത്തിൽ പണം നഷ്ടപ്പെട്ടവരുണ്ട് .
പണം കൊടുത്തു ഒരുപാട് നാൾ കഴിഞ്ഞിട്ടും വിദേശ ജോലി ശരിയാകാത്തതോടെ ആളുകൾ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും കൊടുക്കാൻ ജ്യോതിഷ് കൂട്ടാക്കിയില്ല. പല പോലീസ് സ്റ്റേഷനുകളിലായി ഇതിനിടയിൽ ഇയാൾക്കെതിരെ പരാതി ലഭിച്ചു. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ മാത്രം ആറു പരാതികൾ ലഭിച്ചു. പിന്നാലെ ജ്യോതിഷിന്റെ 2 കൂട്ടാളികൾ അറസ്റ്റിലായി പിന്നീട് ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചു. എട്ടു മാസം മുമ്പ് ഒളിവിൽ പോയ ജ്യോതിഷിനെ പോലീസ് ബെംഗളൂരുവിലടക്കം പല സ്ഥലത്തും തിരഞ്ഞിരുന്നു. പോലീസിന് ജ്യോതിഷ് ബെംഗളൂരുവിലുണ്ടെന്ന വിവരം കിട്ടി 2 തവണ അവിടെ എത്തിയെങ്കിലും പ്രതിയെ പിടിക്കാനായില്ല.
മൊബൈൽ ഫോൺ വിളികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജ്യോതിഷ് കുടുങ്ങിയത്. മുടി നീട്ടി താടിയും മീശയുമൊക്കെ നീക്കം ചെയ്ത് വിമൽ ആയി മാറിയ ജ്യോതിഷിനെ തിരിച്ചറിയാൻ പ്രയാസമായിരുന്നു. ബെംഗളൂരുവിൽ ഒരു സുഹൃത്തിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇന്നലെ കസ്റ്റഡിയിലെടുത്ത ജ്യോതിഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




