കോഴിക്കോട് :- ട്രെയിനുകളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരിൽ സുരക്ഷിത ബോധം ഉറപ്പിക്കുന്നതിനായി ‘ഓപ്പറേഷൻ രക്ഷിത’യുമായി കേരള പോലീസ്. വർക്കലയിൽ കേരള എക്സ്പ്രസിൽ നിന്ന് യുവതിയെ അക്രമി ചവിട്ടി പുറത്തേക്കു വീഴ്ത്തിയ സംഭവത്തിനു പിന്നാലെ ട്രെയിൻ യാത്രയിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് വ്യാപക പരാതി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് റെയിൽവേ എസ്പിയുടെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ രക്ഷിത’ എന്ന പേരിൽ റെയിൽവേ പോലീസ്, ലോക്കൽ പൊലീസ് സംയുക്ത സുരക്ഷാ പദ്ധതി ആരംഭിച്ചത്. ബുധനാഴ്ച സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശപ്രകാരം റെയിൽവേ സ്റ്റേഷനുകളിൽ ബ്രെത്തലൈസറും ആൽക്കോമീറ്ററും ഉപയോഗിച്ച് മദ്യപരെ പിടികൂടാൻ പോലീസ് സജീവമായി രംഗത്തെത്തിയിരുന്നു.
കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ നാലു മേഖലകളായി തിരിച്ച് നാലു റെയിൽവേ ഡിവൈഎസ്പിമാരുടെ മേൽനോട്ടത്തിൽ വനിത പൊലീസ് ഉൾപ്പെടെയുള്ള സേനാംഗങ്ങളെ ഉൾപ്പെടുത്തിയാണ് പദ്ധതി സജീവമാക്കിയത്. സഞ്ചരിക്കുന്ന ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും പട്രോളിങ്ങിനും സ്ത്രീകൾ കൂടുതലായുള്ള കംപാർട്ട്മെന്റുകളിൽ പരിശോധന പ്രത്യേകിച്ച് ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സ്ത്രീ യാത്രികരുടെ സുരക്ഷ ഉറപ്പാക്കുകയും അനധികൃതമായ പ്രവർത്തനങ്ങൾ, മദ്യപിച്ച് യാത്ര ചെയ്യൽ, ലഹരിക്കടത്ത്, സ്ത്രീ യാത്രക്കാരോടുള്ള അശ്ലീല പെരുമാറ്റം തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയുക എന്നിവയാണ് ഈ ഓപ്പറേഷന്റെ പ്രധാന ലക്ഷ്യം.
പരിശോധന റെയിൽവേ സ്റ്റേഷനുകളിലെ എൻട്രി എക്സിറ്റ് കവാടങ്ങളിലും പ്ലാറ്റ്‌ഫോമുകളിലും ട്രെയിനുകളിലും കർശനമാക്കി. മദ്യലഹരിയിലുള്ള യാത്രക്കാരെ തിരിച്ചറിയുന്നതിനായി ആൽക്കോമീറ്റർ പരിശോധന 38 റെയിൽവേ സ്റ്റേഷനുകളിൽ ആരംഭിച്ചിട്ടുണ്ട്. റെയിൽവേ എസ്പി ഷെഹൻഷാ മദ്യപിച്ച് യാത്രചെയ്യുന്നവർക്കെതിരെ ഇന്ത്യൻ റെയിൽവേ ആക്ട് സെക്‌ഷൻ 145 (എ), കേരള പോലീസ് ആക്ട് 118 എ എന്നീ വകുപ്പുകൾ അനുസരിച്ച് കേസെടുക്കുമെന്ന് പറഞ്ഞു.
റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റില്ലാതെയും യാത്രാ ട്രെയിനുകളിൽ ടിക്കറ്റില്ലാതെയും യാത്ര ചെയ്യുന്നവരെയും അലഞ്ഞു തിരിഞ്ഞ് നടക്കുന്നവരെയും കർശനമായി നിരീക്ഷിക്കുന്നതിനൊപ്പം ഇത്തരക്കാർക്കെതിരെ അടിയന്തര നിയമ നടപടി സ്വീകരിക്കാനും തീരുമാനമായി. റെയിൽവേ ട്രാക്കിൽ കല്ലും മറ്റു വസ്തുക്കളും വച്ച് അപകടം ഉണ്ടാക്കാൻ ശ്രമിക്കുന്നവരെയും ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്നവരെയും മറ്റും കണ്ടെത്താൻ ആർപിഎഫും റെയിൽവേ പോലീസും ലോക്കൽ പൊലീസും പട്രോളിങ് വർധിപ്പിച്ചു. ഇത്തരക്കാരെ കണ്ടെത്തുന്നതിന് രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷണം ശക്തമാക്കി.
പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലും അധിക പോലീസ് വിന്യാസം വരുംദിവസങ്ങളിൽ നടത്താനും ഇന്റലിജൻസ് ആസ്ഥാനത്ത് കൺട്രോൾ റൂം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിർദേശമുണ്ട്. പൊതുജനങ്ങൾക്ക് കുറ്റകൃത്യങ്ങൾ കണ്ടാൽ നിയമസഹായത്തിന് ബന്ധപ്പെടുവാനുള്ള സുരക്ഷാ ആപ് ഉടൻ തന്നെ സജ്ജമാക്കും. ട്രെയിൻ യാത്രയ്ക്കിടെ സംശയാസ്പദമായ വ്യക്തികളേയോ വസ്തുക്കളോ കണ്ടാൽ അടുത്തുള്ള പോലീസുകാരേയോ റെയിൽ അലർട്ട് കൺട്രോൾ നമ്പരായ 9846200100 ലോ, ഇആർഎസ്എസ് കൺട്രോൾ 112 എന്ന നമ്പരിലോ, റെയിൽവേ ഹെൽപ്‌ലൈൻ നമ്പരായ 139 ലോ വിവരം നൽകണമെന്നും റെയിൽവേ പോലീസ് പറഞ്ഞു.




