ബെംഗളൂരു :- സൗത്ത് ബെംഗളൂരുവിലെ ഉത്തരഹള്ളിയിൽ യുവതിയെ പ്രായപൂർത്തിയാകാത്ത മകളും മകളുടെ കാമുകനും 4 സുഹൃത്തുക്കളും ചേർന്ന് പ്രണയബന്ധം എതിർത്തതിന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. 34കാരിയായ നേത്രാവതിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം ആത്മഹത്യയായി വരുത്തിതീർക്കാൻ മകളും സുഹൃത്തുക്കളും ശ്രമിച്ചതായി സുബ്രഹ്മണ്യപുര പോലീസ് പറഞ്ഞു. ഭർത്താവുമായി വേർപിരിഞ്ഞ നേത്രാവതി മകൾക്കൊപ്പമാണ് താമസിക്കുന്നത്. പ്രതികളെല്ലാം പ്രായപൂർത്തിയാകാത്തവരാണ്. 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു. പെൺകുട്ടിയെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
നേത്രാവതിയുടെ മകൾ ബന്ധുവിന്റെ മകന്റെ സുഹൃത്തായ 17കാരനുമായി പ്രണയത്തിലായിരുന്നു. കാമുകനും സുഹൃത്തുക്കളും പലപ്പോഴും പെൺകുട്ടിയുടെ വീട്ടിൽ വരാറുണ്ടായിരുന്നു. ഇതറിഞ്ഞ നേത്രാവതി മകളുടെ കാമുകനെ വഴക്കുപറയുകയും ഇനി വീട്ടിൽ വരരുതെന്ന് വിലക്കുകയും ചെയ്തിരുന്നു.
ഒക്ടോബർ 24ന്, പെൺകുട്ടി കാമുകനെയും സുഹൃത്തുക്കളെയും സമീപത്തെ മാളിൽ വച്ച് കാണുകയും എല്ലാവരെയും വീട്ടിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തു. അമ്മ മദ്യപിച്ച് നേരത്തെ ഉറങ്ങുമെന്നും ആ സമയത്ത് എത്തിയാൽ മതിയെന്നും സുഹൃത്തുക്കളോട് പറഞ്ഞു. ഇതു പ്രകാരം അടുത്ത ദിവസം രാത്രി 9 മണിയോടെ കാമുകനും സുഹൃത്തുക്കളും വീട്ടിലെത്തി.
എന്നാൽ ഈ സമയം ഉണർന്ന നേത്രാവതി ഇവരെ കാണുകയും മകളുടെ കാമുകനെ ശകാരിച്ച്, പോലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ നേത്രാവതിയെ മകളുടെ കാമുകനും സുഹൃത്തുക്കളും ചേർന്ന് തുണി ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് കൊലപാതകം ആത്മഹത്യയാക്കി മാറ്റാനായി നേത്രാവതിയുടെ മൃതദേഹം മുറിയിലെ ഫാനിൽ കെട്ടിത്തൂക്കി. പിന്നാലെ പെൺകുട്ടി കാമുകനൊപ്പം ഓടി രക്ഷപ്പെട്ടു.
പിന്നീട് നേത്രാവതിയുടെ പങ്കാളി ഇവരെ കാണാനായി വീട്ടിലെത്തിയപ്പോൾ വീട് അടഞ്ഞു കിടക്കുന്നതു കണ്ടു. ഫോണിലും കിട്ടിയില്ല. ദിവസങ്ങൾ കഴിഞ്ഞിട്ടും നേത്രാവതിയെ കാണാതായതോടെ ബന്ധുവായ അനിത നേത്രാവതിയുടെ പങ്കാളിയെ വിളിച്ചു. ഈ സമയത്താണ് നേത്രാവതി തനിക്കൊപ്പമില്ലെന്നും വീട് പൂട്ടിക്കിടന്നതിനാല്‍ താന്‍ തിരികെ പോന്നുവെന്നും യുവാവ് പറഞ്ഞത്. സംശയം തോന്നിയ ഇരുവരും നേത്രാവതിയുടെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മുറിയ്ക്കുള്ളിൽ തൂങ്ങിയ നിലയിൽ നേത്രാവതിയെ കണ്ടത്.
മകൾ കാമുകനോടൊപ്പം ഒളിച്ചോടിപ്പോയ ദുഃഖത്തിൽ നേത്രാവതി ആത്മഹത്യ ചെയ്തെന്നായിരുന്നു ബന്ധുക്കൾ ആദ്യം കരുതിയത്. ഒക്ടോബർ 29ന് നേത്രാവതിയുടെ മകളെ കാണാനില്ലെന്ന് പോലീസിൽ പരാതിപ്പെടുകയും ചെയ്തു. എന്നാൽ പെൺകുട്ടി തന്റെ മുത്തശ്ശിയുടെ വീട്ടിലേയ്ക്ക് പോയിരുന്നു. സംശയം തോന്നിയതോടെ വീട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടി കൊലപാതക വിവരം പറഞ്ഞത്. പിന്നാലെ ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റംസമ്മതിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇവരെ ഉടനെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.




