തിരുവനന്തപുരം :- വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന സർക്കാർ ജനകീയ പ്രഖ്യാപനങ്ങള്‍ക്ക് ഒരുങ്ങുന്നു. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഡിയർനസ് അലവൻസ് (ഡിഎ) കുടിശിക വിതരണം, ശമ്പള പരിഷ്കരണം ക്ഷേമപെൻഷൻ തുകയില്‍ വർധന, തുടങ്ങിയവയാണ് പ്രധാനമായും സർക്കാറിന്റെ പരിഗണനയിലുള്ളത്.
ധനവകുപ്പിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഇതിനോടകം തന്നെ ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ച് കഴിഞ്ഞുവെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി നിലനില്‍ക്കുന്നുണ്ടെങ്കിലും എല്‍ ഡി എഫ് പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ധാനങ്ങള്‍ നിറവേറ്റാനുള്ള നീക്കത്തിലാണ് സർക്കാർ. പ്രകടന പത്രികയില്‍ ക്ഷേമപെൻഷൻ 2500 ആക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും, നിലവിലെ സാമ്പത്തിക സ്ഥിതി വലിയ വർധനയ്ക്ക് അനുവദിക്കുന്നില്ലെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.
എന്നിരുന്നാലും, നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി ക്ഷേമപെൻഷൻ 400 രൂപ വർധിപ്പിച്ച് 2000 രൂപയിലേക്ക് ഉയർത്തുന്നതാണ് പരിഗണനയിലുള്ളത്.
നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് 500 രൂപ കൂടി വർധിപ്പിച്ച് അത് 2500 ലേക്കും എത്തിച്ചേക്കാം. നിലവില്‍ 62 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് 1600 വീതം പെൻഷൻ വിതരണം ചെയ്യുന്നുണ്ട്. കുടിശ്ശികയെല്ലാം ഇതിനോടകം തീർക്കുകയും ചെയ്തിട്ടുണ്ട്. വർധന ഒക്ടോബറില്‍ തന്നെ നടപ്പിലാകുമെന്നാണ് സൂചന.




