തൃശ്ശൂർ : തൃശ്ശൂർ വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതി തീ കൊളുത്തി മരിച്ച സംഭവം ഭർതൃ പീഡനത്തെ തുടർന്നെന്ന ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം. മാട്ടുമല മാക്കോത്ത് വീട്ടിൽ ഷാരോണിൻ്റെ ഭാര്യ 20 വയസുള്ള അർച്ചനയാണ് ഇന്നലെ രാത്രി തീ കൊളുത്തി ജീവനൊടുക്കിയത്.
സംഭവത്തിൽ ഭർത്താവ് ഷാരോണിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഷാരോൺ തമിഴ്നാട്ടിലടക്കം കഞ്ചാവ് കേസിൽ പ്രതിയാണ്. ഇയാൾക്കെതിരെ മുൻപും ലഹരിക്കേസുകൾ ഉണ്ടായിരുന്നു. പെയ്ന്‍റിംഗ് തൊഴിലാളിയായ ഷാരോൺ അർച്ചനയെ നിരന്തരമായി മാനസികമായും, ശാരീരികമായും പീഡിപ്പിച്ചിരുന്നതായും അർച്ചനയുടെ കുടുംബം ആരോപിച്ചു.
ആറുമാസം മുന്‍പാണ് ഷാരോണിന്‍റെയും അർച്ചനയുടെയും വിവാഹം നടന്നത്.
ഇന്നലെയാണ് വീടിന് പുറകിലെ കോൺക്രീറ്റ് കാനയിൽ കത്തിക്കരിഞ്ഞ നിലയിൽ അർച്ചനയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ വെച്ച് തീകൊളുത്തിയ ശേഷം പുറത്തേക്ക് ഓടിയതാകാമെന്നാണ് കരുതുന്നത്. ഷരോണിൻ്റെ അമ്മ മകളുടെ കുട്ടിയെ അംഗൻവാടിയിൽ നിന്നും വിളിക്കാൻ പോയി തിരിച്ചെത്തിയപ്പോഴാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടത്.




