ന്യൂഡൽഹി :- അടുത്തയാഴ്ച രാഹുൽ ഗാന്ധി ജർമനി സന്ദർശിക്കുന്നതിനെ വിമർശിച്ച ബിജെപിക്ക് മറുപടിയുമായി കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രവർത്തന സമയത്തിന്റെ പകുതിയോളം രാജ്യത്തിനു പുറത്തു ചെലവഴിക്കുമ്പോൾ എന്തിനാണ് പ്രതിപക്ഷ നേതാവിനെതിരെ ചോദ്യങ്ങൾ ഉയർത്തുന്നതെന്ന് പ്രിയങ്ക ചോദിച്ചു.
ബിജെപി രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. ‘‘രാഹുൽ പ്രതിപക്ഷ നേതാവല്ല (LoP), മറിച്ച് ‘പര്യടൻ നേതാവാണ്’ (Leader of Paryatan)’’ എന്നായിരുന്നു ബിജെപിയുടെ പരിഹാസം. ‘‘വിദേശ നായകൻ ഒരിക്കൽ കൂടി തനിക്ക് ഏറ്റവും നന്നായി അറിയാവുന്ന കാര്യം ചെയ്യുന്നു! വിദേശ പര്യടനത്തിനു പോകുകയാണ്! ഡിസംബർ 19 വരെ പാർലമെന്റ് സമ്മേളനം ഉണ്ട്, എന്നാൽ രാഹുൽ ഗാന്ധി ഡിസംബർ 15 മുതൽ 20 വരെ ജർമനി സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ! രാഹുൽ LoP ആണ് – ലീഡർ ഓഫ് പര്യടൻ’’ – ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല എക്‌സിലെ പോസ്റ്റിൽ പറഞ്ഞിരുന്നു. ബിഹാർ തിരഞ്ഞെടുപ്പ് സമയത്തും അദ്ദേഹം വിദേശത്തായിരുന്നുവെന്നും അതിനുശേഷം ജംഗിൾ സഫാരിയിലായിരുന്നുവെന്നും പൂനാവാല കൂട്ടിച്ചേർത്തു.
‘‘മോദിജി തന്റെ പ്രവർത്തന സമയത്തിന്റെ പകുതിയോളം രാജ്യത്തിനു പുറത്താണ് ചെലവഴിക്കുന്നത്. പ്രതിപക്ഷ നേതാവ് യാത്ര ചെയ്യുന്നതിനെക്കുറിച്ച് അവർ എന്തിന് ചോദ്യങ്ങൾ ഉന്നയിക്കുന്നു?’’ – രാഹുൽ ഗാന്ധിക്കെതിരായ ബിജെപിയുടെ വിമർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകരോടു മറുപടി പറയുകയായിരുന്നു പ്രിയങ്ക ഗാന്ധി.
രാഹുൽ ഗാന്ധിയുടെ ജർമൻ സന്ദർശനം ഡിസംബർ 15 മുതൽ 20 വരെയാണ്. അവിടെ അദ്ദേഹം ഇന്ത്യൻ പ്രവാസികളുമായി സംവദിക്കുകയും ജർമൻ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അറിയിച്ചു. ‘‘പാർലമെന്റ് അംഗവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി ഡിസംബർ 15 മുതൽ 20 വരെ ജർമനി സന്ദർശിക്കും. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർപഴ്‌സൻ സാം പിത്രോദയും അദ്ദേഹത്തോടൊപ്പം ഉണ്ടാകും




