കോഴിക്കോട് :- താമരശ്ശേരി കട്ടിപ്പാറ ഫ്രഷ് കട്ട് സംഘര്‍ഷത്തില്‍ എസ്ഡിപിഐ പ്രാദേശിക നേതാവ് കൂടത്തായി സ്വദേശി അമ്പാടന്‍ അന്‍സാർ പിടിയില്‍.
കൂടത്തായിയിലെ വീട്ടില്‍ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. താമരശ്ശേരി പോലീസിന്റേതാണ്.നടപടി. ഇതോടെ ഫ്രഷ് കട്ട് സംഘര്‍ഷത്തില്‍ പിടിയിലായവരുടെ എണ്ണം 13 ആയി. ഫ്രഷ് കട്ട് സംഘര്‍ഷത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് സിപിഐഎം ആദ്യഘട്ടം മുതല്‍ ആരോപിച്ചിരുന്നു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചതിന് പിന്നാലെയാണ് എസ്ഡിപിഐ പ്രാദേശിക നേതാവ് പിടിയിലായത്.
ഒക്ടോബർ 21നാണ് അറവ് മാലിന്യ സംസ്‌കരണ കേന്ദ്രമായ താമരശ്ശേരി ഫ്രഷ് കട്ടില്‍ സംഘര്‍ഷം ഉണ്ടായത്. മാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരായ നാട്ടുകാരുടെ പ്രതിഷേധത്തിന് പിറകെയായിരുന്നു സംഘര്‍ഷം. നാട്ടുകാര്‍ മാത്രമല്ലാതെ ചിലര്‍ പ്രതിഷേധത്തിലേക്ക് നുഴഞ്ഞുകയറിയെന്നും ഇവര്‍ സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയെന്നുമായിരുന്നു സിപിഐഎമ്മും പോലീസും ആരോപിച്ചിരുന്നത്. മുഖം മറച്ചെത്തിയവര്‍ വ്യാപകമായി കല്ലെറിയുന്നതും വാഹനങ്ങള്‍ മറിച്ചിടുന്നതുമായ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.




