സംസ്ഥാന സ്കൂൾ കായികമേളയിൽ ആളുകൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരയിനമാണ് 100 മീറ്റർ ഓട്ടം. ജൂനിയർ- സീനിയർ വിഭാഗത്തിൽ നടക്കുന്ന മത്സരങ്ങളിൽ വിജയികളാകുന്നവരെ വേഗറാണിയെന്നും വേഗരാജാവെന്നും സ്പോർട്സ് ലോകം വിശേഷിപ്പിക്കും.
ആലപ്പുഴ ചാരമംഗലം ഗവൺമെന്റ് ഡിവിഎച്ച്എസ്എസിലെ അതുൽ ടി എം ആണ് ഇന്ന് നടന്ന ജൂനിയർ വിഭാഗം 100 മീറ്റർ ഓട്ടത്തിൽ ഒന്നാമത് എത്തിയത്. 37 വർഷത്തെ മീറ്റ് റെക്കോർഡ് ആണ് പുഷ്പം പോലെ അതുൽ മറികടന്നത്. 10.81 സെക്കൻഡിലാണ് അതുൽ ഫിനിഷ് ചെയ്തത്. 100 മീറ്റർ ജൂനിയർ ഗേൾസിൽ കോഴിക്കോടിന്റെ ദേവനന്ദ വി ബിയാണ് സ്വർണം കരസ്ഥമാക്കിയത്.
സീനിയർ ഗേൾസ്, ബോയ്സ് വിഭാഗത്തിലെ 100 മീറ്റർ ഓട്ടത്തിന്റെ ഫൈനലിൽ മത്സരവും ഇന്ന് നടക്കുകയുണ്ടായി. സീനിയർ ഗേൾസിൽ മലപ്പുറത്തിന്റെ ആദിത്യ അജിയ്ക്കാണ് സ്വർണം. ഫിനിഷ് ചെയ്തത് 12.11 സെക്കൻഡിൽ. സീനിയർ 100 മീറ്ററിൽ പാലക്കാടിനാണ് സ്വർണം. ജെ നിവേദ് കൃഷ്ണയാണ് സ്വർണം നേടിയത്. 10.79 സെക്കൻഡിൽ 100 മീറ്റർ നിവേദ് ഫിനിഷ് ചെയ്തു.




