ആലപ്പുഴ :- ഭർത്താവ് തദ്ദേശ തിരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കൊണ്ട് ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ തോറ്റതിന് എന്തിന് ജനങ്ങളോട് നന്ദി പറഞ്ഞതെന്നായി ജനങ്ങളുടെ സംശയം. മാന്നാർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ സിപിഎം സ്ഥാനാർത്ഥി സജികുമാർ പരടയിലാണ് തിരഞ്ഞെടുപ്പില്‍ തോറ്റത്. ബിജെപി സ്ഥാനാർത്ഥി കലാധരനാണ് വാർഡില്‍ ജയിച്ചത്.
റിസല്‍ട്ട് വന്നതിന് പിന്നാലെ ‘മാന്നാർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് നിവാസികള്‍ക്ക് നന്ദി’- എന്നാണ് സജികുമാറിന്റെ ഭാര്യ ഫേസ്ബുക്കില്‍ കുറിച്ചത്. കുറിപ്പ് കണ്ട് ജനങ്ങൾ സംശയം അറിയിച്ചതോടെ വിശദീകരണവുമായി സ്ഥാനാർഥിയുടെ ഭാര്യ സിന്ധു വീണ്ടും കാരണം പറഞ്ഞു ഫേസ്ബുക്ക് പോസ്റ്റിട്ടു.
പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ :-
തോറ്റ സ്ഥാനാർത്ഥിയുടെ ഭാര്യ എന്തിന് നന്ദി പറഞ്ഞു കൊണ്ട് പോസ്റ്റ് ഇട്ടു എന്ന് പലരും വിളിച്ചു ചോദിക്കുന്നു. ചോദിക്കാത്തവർക്കും ഇതേ സംശയം ഉണ്ട്, ചോദിച്ചില്ലെന്നു മാത്രം. അതുകൊണ്ട് മറുപടി പറയാം.
വാർഡ് മെമ്പറുടെ പണി ഒരു ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് പറ്റിയതല്ല. കൃത്യമായ സമയവ്യവസ്ഥയില്ലാത്ത പ്രത്യേകിച്ചൊരു ജോലിയുമില്ലാത്ത ഒരാള്‍ക്കു മാത്രമേ ഒരു വാർഡ് മെമ്പറായി തലങ്ങും വിലങ്ങും ഓടി നടക്കാൻ കഴിയൂ. സജികുമാർ PSC ടെസ്റ്റ് എഴുതി ഇന്റർവ്യൂവും കടന്ന് (ഒരു പാർട്ടിയുടേയും പിന്തുണയില്ലാതെ ) കുട്ടമ്പേരൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ സെക്രട്ടറിയായി കഴിഞ്ഞ 20 വർഷമായി സേവനമനുഷ്ഠിക്കുന്നു. ചെങ്ങന്നൂർ താലൂക്കിലെ മികച്ച ബാങ്കിനും മികച്ച സെക്രട്ടറിക്കുമുള്ള അവാർഡ് കഴിഞ്ഞ 7 വർഷങ്ങളില്‍ നേടിക്കഴിഞ്ഞു. ക്ലാസ്സ് 1 ബാങ്കായി ഇന്ന് ആ ബാങ്കിനെ മാറ്റിയെടുത്തത് അക്ഷീണമായ പ്രയത്നവും സംഘാടന മികവും കൊണ്ട് മാത്രമാണ്. അതാണ് ഒരു മെമ്പറായി മാറി തകർക്കാൻ ശ്രമിച്ചത്. മാത്രമല്ല ഞങ്ങള്‍ രണ്ടാളും 5 വർഷത്തിനുളളില്‍ സർവ്വീസില്‍ നിന്ന് വിരമിക്കും. ഞാനായിരിക്കും ആദ്യം വിരമിക്കുക. അദ്ദേഹത്തേക്കാള്‍ പ്രായം എനിക്കായതുകൊണ്ടല്ല, ബാങ്കുകാരുടെ പെൻഷൻ പ്രായം ഞങ്ങളേക്കാള്‍ കൂടുതലായതു കൊണ്ടാണ്. പെൻഷൻ പറ്റിക്കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ വിദേശത്തേക്ക് പറക്കാനാണ് എന്റെ ഉറച്ച തീരുമാനം. പക്ഷേ പഞ്ചായത്തും പിടിച്ച് നില്‍ക്കാനുദേശിക്കുന്ന ഇദ്ദേഹം ഒരിക്കലും ആ വഴിക്ക് വരില്ല. (ഇലക്ഷനു നില്‍ക്കരുതെന്ന് എത്ര നിർബന്ധിച്ചിട്ടും പാർട്ടിയുടെ തീരുമാനം എന്ന് പറഞ്ഞ് മനസ്സില്ലാമനസോടെയാണ് നിന്നത് ). എന്തായാലും ഒരു effort ഉം കൂടാതെ എനിക്കാ സൗകര്യം ഒപ്പിച്ചു തന്നതിനാണ് ഞാൻ നന്ദി പറഞ്ഞത്.




