കൊച്ചി :- ബാങ്കിൽ പണയത്തിൽ വച്ചിരിക്കുന്ന സ്വർണം തിരിച്ചെടുക്കാൻ സഹായിക്കണമെന്നു പറഞ്ഞ് യുവാവിനെ കബളിപ്പിച്ച് 1,35,000 രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. അശമന്നൂർ നെടുങ്ങപ്ര കൂടംചിറത്ത് ലിബില ബേബി (29)യെയാണ് കേസിൽ പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്.
അശമന്നൂർ സ്വദേശിയായ വ്യക്തി ബാങ്കിൽ പണയത്തിൽ ഇരിക്കുന്ന സ്വർണം എടുത്തു വിൽക്കാൻ സഹായിക്കും എന്ന് പത്രത്തിൽ പരസ്യം ചെയ്തിരുന്നു. യുവതി ഇതു കണ്ടാണ് ഇയാളുമായി ബന്ധപ്പെട്ടത്. കോലഞ്ചേരിയിലെ ബാങ്കിൽ സ്വർണം പണയം വച്ചിട്ടുണ്ടെന്നും ഇത് എടുക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനായി ഒരു ലക്ഷം രൂപ പണമായും 35,000 രൂപ ഗൂഗിൾ പേ വഴിയും വാങ്ങിയശേഷം ഇവർ മുങ്ങുകയായിരുന്നു. ചതി മനസിലാക്കിയ വ്യക്തി പോലീസിൽ പരാതിപ്പെടുകയും, തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയുമായിരുന്നു.
ഇൻസ്പെക്ടർ സി.എൽ. ജയൻ, എസ്ഐമാരായ കെ.ജി.ബിനോയ്,
ജി.ശശിധരൻ, എഎസ്ഐമാരായ ബിജു ജോൺ, സുരേഷ് കുമാർ, മഞ്ജു ബിജു, സീനിയർ സിപിഒമാരായ റിതേഷ്, ആശ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.




