തിരുവനന്തപുരം : നെടുമങ്ങാട് ഡിവൈഎഫ്ഐയുടെ ആംബുലൻസിന് കത്തിച്ച സംഭവത്തിൽ എസ്ഡിപിഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. മുല്ലശ്ശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകരായ റഫീഖ്, നിസാം, സമദ് എന്നിവർക്കെതിരെ പോലീസ് കേസ് ചാർജ് ചെയ്തു. ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ആദ്യം ഡിവൈഎഫ്ഐ പ്രവർത്തകരാണ് എസ്ഡിപിഐയുടെ ആംബുലൻസ് തകർത്തത്. മുഖംമറച്ചെത്തിയ യുവാക്കൾ ആംബുലൻസ് തകർക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഡിവൈഎഫ്ഐയുടെ ആംബുലൻസിന് തീയിട്ടത്.
അതേസമയം എസ്ഡിപിയുടെ ആംബുലൻസ് സിപിഎം പ്രവർത്തകർ തകർത്ത സംഭവത്തിൽ ഇതുവരെയും പൊലീസ് കേസെടുത്തിട്ടില്ല. ഡിവൈഎഫ്ഐക്കെതിരെ ഇതുവരെ ആരും പരാതി കിട്ടിയിട്ടിലെന്നാണ് പൊലീസ് പറയുന്നത്. നെടുമങ്ങാട് എസ്ഡിപിഐയും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ പകപോക്കലിൻ്റെ പേരിലയിരുന്നു അക്രമം. സിപിഎം പ്രവർത്തകർ എസ്ഡിപിഐയുടെ ആംബുലൻസിന്റെ ചില്ല് തകർത്തതിന് പിന്നാലെ ഡിവൈഎഫ്ഐയുടെ ആംബുലൻസ് എസ്ഡിപിഐ പ്രവർത്തകർ തീയിട്ടു കത്തിക്കുകയായിരുന്നു.
ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഘർഷത്തിന് തുടക്കം. ഇന്നലെ നെടുമങ്ങാട് വെച്ച് ഉണ്ടായ എസ്ഡിപിഐ-ഡിവൈഎഫ്ഐ സംഘർഷത്തിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കാണ് മർദനമേറ്റിരുന്നു. അഴീക്കോട് ജംഗ്ഷനിൽ വച്ച് രാത്രിയിൽ സിപിഎം മുല്ലശ്ശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ എസ്ഡിപിഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് എസ്ഡിപിഐ പ്രവർത്തകന്റെ വീടിനും എസ്ഡിപിഐ ആംബുലൻസിനും നേരെ ആക്രമണമുണ്ടായത്. പിന്നാലെ എസ്ഡിപിയുടെ ആംബുലൻസിന്റെ ഗ്ലാസ് ഒരു സംഘം തകർത്തു. മുഖം മൂടി ധരിച്ചെത്തിയവരാണ് ആംബുലൻസ് തകർത്തത്.
തുടർന്ന് ജില്ലാ ആശുപത്രിയ്ക്ക് മുന്നിൽ ഇട്ട ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റിയുടെ ആംബുലൻസ് എസ്ഡിപിഐ പ്രവർത്തകർ കത്തിച്ചു. തീപിടിച്ച് വാഹനം പൂർണമായി കത്തി നശിച്ചു. രാത്രി 11.55 നും 12 നും ഇടയിലാണ് വാഹനം കത്തിയത്. സംഭവത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാനും സിപിഐഎം ഏരിയ സെക്രട്ടറി കെപി പ്രമോഷും ആവശ്യപ്പെട്ടു.




