കൊല്ലം :- 11കാരിയെ ആഭിചാരക്രിയയുടെ മറവില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ സ്വാമി അറസ്റ്റില്‍. അറസ്റ്റിലായത് മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് .
പെണ്‍കുട്ടിയുടെ പരാതിയില്‍ മൂന്ന് ദിവസം മുമ്പാണ് ഈസ്റ്റ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പരീക്ഷയ്ക്ക് ഉയര്‍ന്ന വിജയം വാഗ്ദാനം ചെയ്താണ് കുട്ടിയെ ആഭിചാരക്രിയയ്ക്ക് വിധേയയാക്കിയത്. ഉയര്‍ന്ന വിജയം കരസ്ഥമാക്കാമെന്ന് പറഞ്ഞ് കുട്ടിയെ ഒറ്റയ്ക്ക് മുറിയില്‍ കൊണ്ടുപോയി സ്വകാര്യ ഭാഗത്തില്‍ സ്പര്‍ശിച്ചെന്നാണ് പരാതി. കുട്ടിയുടെ ദേഹത്ത് ഏകദേശം ഏഴോളം ചരടുകളും ഇയാള്‍ കെട്ടിയിട്ടുണ്ട്. കുട്ടി അമ്മയോട് വിവരം പറയുകയും അമ്മ പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് ചൈല്‍ഡ് ലൈനിൽ വിവരം അറിയിക്കുകയും ചൈല്‍ഡ് ലൈന്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കുകയും ചെയ്തു.
കൂടാതെ പൂജക്ക് എത്തിയപ്പോള്‍ പീഡിപ്പിച്ചെന്ന് നിരവധി സ്ത്രീകള്‍ വെളിപ്പെടുത്തി. വിശ്വാസത്തെ മുതലെടുത്ത് പീഡിപ്പിച്ചെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തി. ഭർത്താവുമായുള്ള പ്രശ്നം പരിഹരിക്കാനാനെത്തിയ യുവതിയോട് കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പതിനായിരങ്ങളാണ് ഇയാള്‍ ഫീസായി ആവശ്യപ്പെട്ടത്. കുടുംബം തകരുമെന്നതിനാല്‍ പുറത്ത് പറയാൻ കഴിയാത്ത അവസ്ഥയാണെന്നും യുവതി പറയുന്നു. കോഴിബലി നടക്കുന്നത് കണ്ടെന്നും മറ്റൊരു യുവതിയുടെ മൊഴി.
ഷിനു മന്ത്രവാദത്തിന്റെ പേരില്‍ നിരവധി പേരില്‍ നിന്നായി തട്ടിയെടുത്തത് ലക്ഷങ്ങളാണെന്നാണ് വിവരം.
ഇത് ഒരു ഷിനുവിന്റെ കഥയിൽ മാത്രം ഒതുങ്ങുന്നതല്ല വിശ്വാസങ്ങളുടെ പേരിൽ ചൂഷണം ചെയ്യുന്നത് നമ്മുടെ നാട്ടിൽ ഒരു തുടർക്കഥയാണ്. എത്രയൊക്കെ അനുഭവങ്ങൾ കേട്ടാലും ഇന്നും ഇതിൻ്റെ എല്ലാം പിന്നാലെ ഓടുന്നത് ഒട്ടും വിരളമല്ല.




