തിരുവനന്തപുരം :- കോവളം ബീച്ചിലെത്തിയ വിദേശ വനിതയ്ക്കു നേരെ തെരുവുനായുടെ ആക്രമണം. കോവളത്ത് വിനോദസഞ്ചാരത്തിന് എത്തിയ റഷ്യന്‍ സ്വദേശിനിയായ പൗളിനയെയാണ് തെരുവുനായ കടിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. കോവളം ബീച്ചിലൂടെ നടക്കുന്നതിനിടെ തെരുവുനായ പൗളിനയുടെ വലതു കാലിൽ അപ്രതീക്ഷിതമായി കടിക്കുകയായിരുന്നു. തുടർന്ന് വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി യുവതിക്ക് പ്രാഥമിക ചികിത്സ നല്‍കി. കൂടുതല്‍ ചികിത്സയ്ക്കായി ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്. പ്രദേശവാസികള്‍ പറയുന്നത് റഷ്യൻ വനിതയെ കൂടാതെ മറ്റു മൂന്നുപേരെയും ഈ നായ അക്രമിച്ചതായാണ്.
ഇവിടെ ഇതൊരു സ്ഥിരം സംഭവമാണ്, മുമ്പും ഇതുപോലെ തെരുവുനായ ആക്രമണം ഉണ്ടായിട്ടുണ്ട്. എന്നാൽ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുള്ള ഇടപെടലുകളും ഉണ്ടായിട്ടില്ല. എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരമുണ്ടാവണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.




