സകലദേവതാ സാന്നിധ്യം നിറഞ്ഞ ഒന്നാണ് നിലവിളക്ക്.
നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവിനെയും തണ്ട് വിഷ്ണു ഭഗവാനെയും മുകൾ ഭാഗം ശിവനെയും സൂചിപ്പിക്കുന്നു. നിലവിളക്കിന്റെ നാളം ലക്ഷ്മിദേവിയെയും പ്രകാശം സരസ്വതിദേവിയെയും നാളത്തിലെ ചൂട് പാര്‍വ്വതി ദേവിയെയും സൂചിപ്പിക്കുന്നു.
പ്രഭാതത്തിലും പ്രദോഷത്തിലും നിത്യവും നിലവിളക്ക് വീടുകളിൽ തെളിയിക്കാറുണ്ട്. എന്നാൽ നിലവിളക്കിലെ തിരികളുടെ എണ്ണത്തിന്റെ കാര്യത്തിൽ പല അഭിപ്രായങ്ങളാണ് പറഞ്ഞ് കേൾക്കാറ്. നിലവിളക്കിലെ നാളത്തിന്റെ എണ്ണത്തിൽ ആചാര്യന്മാർ ഒരു ചൊല്ല് പറയാറുണ്ട്.
“ഏകവര്‍ത്തിര്‍മഹാവ്യാധിര്‍-
ദ്വിവര്‍ത്തിസ്തു മഹദ്ധനം;
ത്രിവര്‍ത്തിര്‍മോഹമാലസ്യം,
ചതുര്‍വര്‍ത്തിര്‍ദരിദ്രതാ;
പഞ്ചവര്‍ത്തിസ്തു ഭദ്രം സ്യാ-
ദ്വിവര്‍ത്തിസ്തു സുശോഭനം”
വർത്തി എന്നാൽ ദീപം, നാളം എന്നൊക്കെയാണ് അർഥം.
ഇതനുസരിച്ച് ഒരു നാളം മഹാവ്യാധിയെയും രണ്ടുനാളം ധനവർധനയെയും മൂന്നു നാളം ആലസ്യത്തെയും നാല് നാളം ദാരിദ്ര്യത്തെയും അഞ്ചുനാളമുള്ള ഭദ്രദീപം സർവൈശ്വര്യത്തെയും പ്രദാനം ചെയ്യുന്നു. അഞ്ചു തിരികൾ ഭഗവാൻ ശിവശങ്കരന്റെ അഞ്ചു മുഖങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്നാണ് വിശ്വാസം. സർവൈശ്വര്യത്തിനാണ് ഭവനങ്ങളിൽ ഭദ്രദീപം തെളിക്കുന്നത് . നെയ്‌വിളക്ക് തെളിക്കുമ്പോൾ അഞ്ചു തിരിയിട്ടു കത്തിക്കുന്നതാണ് ഉത്തമം. അഞ്ചു തിരിയിട്ട നെയ്‌വിളക്ക് ഭവനത്തിൽ തെളിയിക്കുന്നത് അതിവിശിഷ്ടവുമാണ്.
ഒടുവിൽ രണ്ടുനാളമാണ് ഏറ്റവും ഉത്തമം എന്നും അനുശാസിക്കുന്നു.
കൈകൂപ്പുന്ന രീതിയിൽ രണ്ടു തിരി ചേർത്ത് വേണം ഒരു നാളം ജ്വലിപ്പിക്കാൻ . ഇതനുസരിച്ച് ഭവനത്തിൽ ദീപം തെളിക്കുമ്പോൾ നാലുതിരിയിട്ടു രണ്ടു നാളം വരത്തക്കവിധത്തിലാവണം എന്നാണ് ചിട്ട.
രണ്ടു നാളമെങ്കിൽ കിഴക്കും പടിഞ്ഞാറും, അഞ്ചെങ്കില്‍ നാലു ദിക്കുകള്‍ക്കു പുറമെ ഈശാനകോണായ വടക്കു-കിഴക്കേമൂലയിലേക്കും നാളം വരും വിധമാകണം ക്രമീകരിക്കേണ്ടത്.
നിത്യവും രണ്ടു നാളങ്ങളും വിശേഷദിനങ്ങളിൽ അഞ്ചു തിരിയിട്ടും വിളക്ക് കൊളുത്തുന്ന പതിവുണ്ട്.
വിളക്കിലുപയോഗിക്കേണ്ട എണ്ണ ഏത്?
പാചകം ചെയ്ത എണ്ണയോ, വെള്ളം കലർന്ന എണ്ണയോ നിലവിളക്കിൽ ഒരുകാരണവശാലും ഉപയോഗിക്കരുത്. മൃഗക്കൊഴുപ്പിൽ നിന്നെടുത്ത എണ്ണ ഉപയോഗിക്കുന്നതും ദോഷകരമാണ്. വിളക്ക് തെളിക്കാൻ നല്ലെണ്ണയാണ് ഉത്തമം. നെയ്യ് ആണെങ്കിൽ അത്യുത്തമം. വെളിച്ചെണ്ണയുപയോഗിച്ചു വിളക്ക് തെളിക്കുന്നതിലും തെറ്റില്ല. തൂത്തുവാരി തളിച്ച ശേഷം മാത്രമേ നിലവിളക്ക് തെളിക്കാവൂ.
വിളക്ക് കൊളുത്തുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ടവ..
തുളസിയിലകൊണ്ടു വെള്ളം തളിച്ച് സ്ഥലശുദ്ധി വരുത്തിയ ശേഷം വേണം വിളക്ക് വയ്ക്കാൻ. ഓട്, വെള്ളി, പിത്തള, സ്വര്‍ണ്ണം എന്നീ ലോഹങ്ങളിൽ നിർമ്മിച്ച നിലവിളക്കുകളാണ് ദിനവും കൊളുത്തേണ്ടത്. അധികം അലങ്കാരങ്ങളോ കൊത്തുപണികളോ ഇല്ലാത്ത ഓട്ടുവിളക്കാണ് ഉത്തമം. നിലവിളക്കിന്റെ ചൈതന്യശ്രോതസ്സിന്റെ ഭാരം ഭൂമീദേവിക്കു നേരിട്ടു താങ്ങാനാവാത്തതിനാൽ വെറും നിലത്തു വിളക്ക് വയ്ക്കരുതെന്ന് പറയുന്നു. പീഠത്തിനു മുകളിലോ തളികയിലോ വച്ച് വേണം ദീപം തെളിക്കാൻ. നിലവിളക്കിനു മുന്നിൽ പുഷ്പങ്ങൾ , ചന്ദനത്തിരി , വാൽക്കിണ്ടിയിൽ ശുദ്ധജലം എന്നിവ വയ്ക്കണം. ഭഗവാന് സമർപ്പിച്ച ഈ ശുദ്ധജലം വീട്ടിനുള്ളിലോ വീടിനു ചുറ്റുമോ തളിക്കുന്നത് ഉത്തമമെന്നു പറയപ്പെടുന്നു.
വിളക്ക് തെളിക്കുന്നത് ഏതു ദിക്കിന് അഭിമുഖമായി നിന്ന് വേണം?
രാവിലെ കിഴക്ക് ദിക്കിന് അഭിമുഖമായി നിന്ന് വേണം തിരിതെളിയ്ക്കാൻ. ഇങ്ങനെ ചെയ്താൽ ദുഃഖങ്ങള്‍ ഇല്ലാതാകുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.
വൈകിട്ട് പടിഞ്ഞാറ് ദിക്ക് നോക്കി നിലവിളക്ക് തെളിയ്ക്കണം. ഇങ്ങനെ ചെയ്താൽ കടബാധ്യത തീരും. വടക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല്‍ സമ്പത്ത് വർധനയുണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു. തെക്ക് ദിക്ക് നോക്കി ഒരിക്കലും നിലവിളക്ക് തെളിക്കരുത്.
നിലവിളക്കിന്റെ സ്ഥാനം
പൂജാമുറിയിലോ വീടിന്റെ ഉമ്മറത്തോ ആണ് നിലവിളക്ക് വയ്ക്കേണ്ടത്. അല്ലാത്തപക്ഷം ഈശാനകോണായ വടക്കുകിഴക്കോ വീടിന്റെ മധ്യഭാഗത്തോ തെക്കു പടിഞ്ഞാറുഭാഗത്തോ വിളക്ക് വയ്ക്കാവുന്നതാണ്.
നിലവിളക്കു കൊളുത്തി എത്രസമയം വയ്ക്കണം?
വിളക്കിലെ എണ്ണ വറ്റുംവരെ കത്തിച്ചുവയ്ക്കാമെന്നാണു കണക്ക്. എങ്കിലും സന്ധ്യ കഴിയുമ്പോൾ വിളക്ക് അണയ്ക്കുന്നതിൽ തെറ്റില്ല. തിരികളണയ്ക്കുമ്പോൾ ഊതി കെടുത്തരുത്. പുഷ്പം ഉപയോഗിച്ച് കെടുത്തുന്നതാണ് ഉത്തമം.
വിളക്ക് കൊളുത്തുമ്പോൾ ജപിക്കേണ്ട മന്ത്രം.
ചിത് പിംഗല ഹന ഹന
ദഹ ദഹ പച പച
സർവജ്ഞാ ജ്ഞാപയ സ്വാഹ
ദീപം കണ്ടു തൊഴുമ്പോൾ ജപിക്കേണ്ട മന്ത്രം.
ശിവം ഭവതു കല്യാണമായുരാരോഗ്യവർധനം
മമ ബുദ്ധി പ്രകാശായ ദീപജ്യോതിർ നമോനമഃ




