പാലക്കാട് : പാലക്കാട് ചിറ്റൂരിൽ കാണാതായ 14കാരായ ഇരട്ട സഹോദരങ്ങളുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി. .മൂത്തയാൾ രാമന്റെ മൃതദേഹമാണ് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ആദ്യം കണ്ടെത്തിയത്.
ചിറ്റൂർ സ്വദേശി കാശി വിശ്വനാഥന്റെ മക്കളാണ് ഇരട്ടകുട്ടികളായ രാമനും ലക്ഷ്മണനും. ചിറ്റൂർ ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും. ഇന്നലെ വൈകിട്ട് മുതൽ പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തെരച്ചിൽ നടത്തുകയായിരുന്നു.
ഇന്നലെ വൈകുന്നേരത്തോടെ ഇരുവരും വീട്ടിൽ നിന്നും പോയിരുന്നു. പതിവുപോലെ വീട്ടിൽ നിന്നും പോയ ഇവർ തൊട്ടടുത്ത അമ്പലത്തിലെത്തി വിളക്ക് കൊളുത്തിയിരുന്നു. തുടർന്നാണ് ഇവരെ കാണാതായത്.
ചിറ്റൂർ ശിവൻകോവിലിലെ കുളത്തിൽ നിന്നാണ് ലക്ഷ്മണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാമന്റെ വസ്ത്രങ്ങൾ അവിടെത്തന്നെയുണ്ടായിരുന്നു. ഇരുവർക്കും നീന്തലറിയില്ലായിരുന്നു. കുളിക്കാനല്ല, മീൻ പിടിക്കാനിറങ്ങിയതായിരിക്കും എന്നാണ് പൊലീസിന്റെ നിഗമനം. പ്രദേശത്ത് ആ സമയത്ത് ആരും ഉണ്ടായിരുന്നില്ല. ഒരാൾ അപകടത്തിൽപെട്ടപ്പോൾ അടുത്തെയാൾ രക്ഷിക്കാൻ ശ്രമിച്ചതാകാം എന്നും സംശയമുണ്ട്. ഇരട്ട സഹോദരങ്ങളുടെ ദാരുണാന്ത്യത്തിന്‍റെ ഞെട്ടലിലാണ് ചിറ്റൂര്‍ ഗ്രാമംവാസികൾ.




