ഇന്ന് ലോക എയ്ഡ്സ് ദിനം. മനുഷ്യ രാശിക്ക് ഇന്നും വെല്ലുവിളി ഉയർത്തുന്ന എച്ച്ഐവി അഥവാ എയ്ഡ്‌സിനെക്കുറിച്ച് അവബോധം വളർത്തുക, മിഥ്യാധാരണകൾ ഇല്ലാതാക്കുക, ബാധിതർക്ക് പിന്തുണ നൽകുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യം അനുസരിച്ച് 2030 ഓട് കൂടി പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ. ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്ഐവി) ആണ് എച്ച് ഐ വി ഉണ്ടാക്കുന്നത്.
എച്ച്ഐവി അണുബാധയുള്ള രോഗിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെയാണ് പ്രധാനമായും ഇത് മറ്റൊരാളിലേക്ക് പകരുന്നത്. അമ്മയിൽ നിന്ന് കുഞ്ഞിലേക്കും, എച്ച്ഐവി ബാധിതർ ഉപയോഗിച്ച സിറിഞ്ച് ഉപയോഗിക്കുന്നത് വഴിയും, എച്ച് ഐ വി ബാധിതരുടെ രക്തം സ്വീകരിക്കുന്നത് വഴിയുമെല്ലാം എച്ച്ഐവി പകരും.
തിരുവനന്തപുരം : കേരളത്തിൽ 15 വയസ്സിനും 24 വയസ്സിനും ഇടയിൽ പ്രായമുള്ള യുവാക്കൾക്കിടയിൽ എച്ച്.ഐ.വി. ബാധിതരുടെ എണ്ണം വർധിക്കുന്നതായി സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ (SACS) റിപ്പോർട്ട്. 2022-ൽ കേരളത്തിലെ ആകെ അണുബാധിതരിൽ 9 ശതമാനം യുവാക്കളായിരുന്നത് 2023-ൽ 12 ശതമാനമായും, 2024-ൽ 14.2 ശതമാനമായും വർധിച്ചു. 2025 ഏപ്രിൽ മുതൽ ഒക്ടോബർവരെ അണുബാധിതരിൽ 15.4 ശതമാനം ഈ പ്രായക്കാരാണ്. യുവജനങ്ങളുടെ അശ്രദ്ധമായ ജീവിതരീതിയിൽ സൊസൈറ്റി ശക്തമായ മുന്നറിയിപ്പ് നൽകുന്നുണ്ട്.
സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, ഒരേ സിറിഞ്ച് ഉപയോഗിച്ച് മയക്കുമരുന്ന് കുത്തിവെക്കുന്നതുമാണ് യുവാക്കളിൾ എച്ച്.ഐ.വി. പിടിപെടാനുള്ള പ്രധാന കാരണങ്ങൾ. ഒറ്റത്തവണ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതുമൂലം അണുബാധിതരായവരും സമൂഹത്തിൽ ഒട്ടേറെയാണ്.
ശരിയായ മേൽവിലാസമോ ഫോൺ നമ്പറോ ഇല്ലാത്തതിനാൽ എച്ച്.ഐ.വി. ബാധിതരായ അതിഥിത്തൊഴിലാളികളുടെ തുടർചികിത്സ ഉറപ്പാക്കുന്നത് വലിയ വെല്ലുവിളിയാണെന്നും അവരുടെ പങ്കാളികളുടെ പരിശോധന, ചികിത്സ എന്നിവയും പ്രായോഗികമാവുന്നില്ലെന്നും സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് നിലവിൽ 23,608 എച്ച്.ഐ.വി. ബാധിതരുണ്ട്. രാജ്യത്ത് ഇത് 25 ലക്ഷമാണ്. 2024-ൽ മാത്രം 6300 പേരെ രാജ്യത്തും 1213 പേരെ സംസ്ഥാനത്തും കണ്ടെത്തി. കേരളത്തിൽ ഒരുമാസം ശരാശരി 100 പേർക്ക് പുതിയതായി അണുബാധ കണ്ടെത്തുന്നുണ്ട്. ഇക്കൊല്ലം ഏപ്രിൽ മുതൽ ഒക്ടോബർവരെ 818 പേർക്ക് അണുബാധ കണ്ടെത്തി.




