ദില്ലി : ദില്ലി ചെങ്കോട്ടക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പൊട്ടിത്തെറിച്ച കാർ ഓടിച്ചത് ഡോ. ഉമർ നബി തന്നെയെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലൂടെയാണ് സ്ഥിരീകരിച്ചത്.
കശ്മീരില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലാണ് ഡോക്ടര്‍ ഉമര്‍ നബി. പൊട്ടിത്തെറിയിൽ ഇയാളുടെ ശരീരം ചിന്നിച്ചിതറിയിരുന്നു. ഇവിടെ നിന്നെടുത്ത സാമ്പിളുകളും ഇയാളുടെ കുടുംബാംഗങ്ങളിൽ നിന്നും ശേഖരിച്ച സാമ്പിളും പരിശോധിച്ചാണ് മരിച്ചത് ഉമർ നബി തന്നെയാണെന്ന് ഉറപ്പിച്ചത്.
നവംബർ 10നാണ് ഡൽഹിയിലെ സുരക്ഷാ പ്രാധാന്യമുള്ള മേഖലയായ ചെങ്കോട്ടക്ക് സമീപം ട്രാഫിക്ക് സിഗ്നലിൽ വച്ച് കാർ പൊട്ടിത്തെറിക്കുകയുണ്ടായത്. 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സ്‌ഫോടനത്തിൽ, ചുറ്റുപാടുമുള്ള കടകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.. ഹ്യുണ്ടായ് ഐ20 കാറാണ് പൊട്ടിത്തെറിച്ചത്.
ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയിലായിരുന്നു ഡോ. ഉമർ നബി മുൻപ് ജോലി ചെയ്തിരുന്നത്. ഇവിടെ നിന്നും സ്‌ഫോടക വസ്തുക്കളും തോക്കുകളുമടക്കം പിടിച്ചെടുക്കുകയും രണ്ട് ഡോക്ടർമാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം, സ്ഫോടനത്തിൽ ഒരു ഡോക്ടർ കൂടി പിടിയിലായിട്ടുണ്ട്. അനന്ത്നാഗ് സ്വദേശി മുഹമ്മദ് ആരിഫിനെയാണ് പൊലീസ് കാൺപൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്.




