തെന്നിന്ത്യയിലെ സൂപ്പർതാരങ്ങളായ കമൽഹാസനേയും രജനികാന്തിനേയും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിൽ സംവിധായകൻ ലോകേഷ് കനഗരാജ് അൺഫോളോ ചെയ്തു. കമൽഹാസ്സനും രജനികാന്തും ഒന്നിക്കുന്ന ചിത്രം ലോകേഷ് സംവിധാനം ചെയ്യുമെന്ന സൂചന ഉണ്ടായിരുന്നു. എന്നാൽ ഈ ചിത്രം സുന്ദർ.സി യാണ് സംവിധാനം ചെയ്യുന്നത്. കൂലിയുടെ പരാജയമാണ് ലോകേഷിനെ ഒഴിവാക്കിയതായി പറയപ്പെടുന്നത്. ലോകേഷിന്റെ ഈ നടപടി രജനീകാന്തിന്റെയും കമൽഹാസന്റെയും കടുത്ത ആരാധകരെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്നാണ് വിവരം. നിലവിൽ വിജയ് മാത്രമാണ് ലോകേഷ് കനകരാജ് എക്സിൽ ഫോളോ ചെയ്യുന്ന ഒരേയൊരു തമിഴ് സൂപ്പർതാരം.
മാനഗരം, കൈതി, മാസ്റ്റർ, വിക്രം, ലിയോ തുടങ്ങിയ വലിയ വിജയ ചിത്രങ്ങളുടെ ഒരു നിര തന്നെ സമ്മാനിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. തമിഴ്സിനിമയിലെ രണ്ട് ഇതിഹാസങ്ങൾ ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് ആയിരിക്കുമെന്നായിരുന്നു സിനിമാലോകത്തെ സംസാരം. എന്നാൽ, ലോകേഷ് സംവിധാനം ചെയ്ത ‘കൂലി’ എന്ന സിനിമ തിയറ്ററുകളിൽ വേണ്ടത്ര വിജയിക്കാതെ വന്നതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.
അതേസമയം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ഡി.സി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ലോകേഷ് കനകരാജ്. വാമിഖ ഗബ്ബിയാണ് സിനിമയിലെ നായികയായി എത്തുക.
രജനിയും കമലും ഒന്നിക്കുന്ന തലൈവർ 173 എന്ന ചിത്രം പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷമാണ് ലോകേഷിന്റെ ഈ നീക്കം ശ്രദ്ധയിൽ വരുന്നത്. നവംബർ 5-ന് വൈകുന്നേരം, കമൽഹാസന്റെ നിർമ്മാണക്കമ്പനിയായ രാജ് കമൽ ഫിലിം ഇന്റർനാഷണലാണ് രജനീകാന്തിന്റെ ഈ പ്രോജക്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കമൽഹാസൻ നിർമ്മാതാവായി എത്തുമ്പോൾ, ചിത്രം സംവിധാനം ചെയ്യുന്നത് സുന്ദർ സി ആയിരിക്കും. അരുണാചലം (1997) എന്ന ചിത്രത്തിന് ശേഷം സുന്ദർ സിയും രജനീകാന്തും വീണ്ടും ഒന്നിക്കുന്ന ഒരു പ്രോജക്റ്റ് കൂടിയാണിത്. കമൽഹാസന്റെ പിറന്നാൾദിനത്തിൽ ലോകേഷ് ആശംസകൾ നേർന്നിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.




