തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ വാർത്താ സമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത്. രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ആദ്യ ഘട്ടം ഡിസംബർ 9 ചൊവ്വാഴ്ചയും രണ്ടാം ഘട്ടം ഡിസംബർ 11 വ്യാഴാഴ്ചയുമാണ് നടക്കുക. വോട്ടെണ്ണൽ ഡിസംബർ 13-ന് നടക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുക. ഇവിടെ ഡിസംബർ 9 ചൊവ്വാഴ്ച രാവിലെ 7 മണി മുതൽ വൈകീട്ട് 6 മണിവരെ വോട്ടെടുപ്പ് നടക്കും.
രണ്ടാംഘട്ടത്തിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളാണ് പോളിങ് ബൂത്തിലേക്ക് പോവുക. ഡിസംബർ 11നാണ് ഇവിടെ വോട്ടെടുപ്പ്.
തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നേരത്തെ പൂർത്തിയാക്കിയിരുന്നു. അന്തിമ വോട്ടർപ്പട്ടിക കഴിഞ്ഞമാസം ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ചിരുന്നു. കൂട്ടിച്ചേർക്കലുകൾക്കായി അനുവദിച്ച രണ്ടുദിവസത്തെ അപേക്ഷകൾകൂടി പരിഗണിച്ച് നവംബർ 14 വെള്ളിയാഴ്ച അനുബന്ധ പട്ടിക പ്രസിദ്ധീകരിക്കുന്നതായിരിക്കും.




