കോഴിക്കോട് :- കോഴിക്കോട് കോർപറേഷനിലെ കോൺഗ്രസിന്റെ മേയർ സ്ഥാനാർഥിയായ സംവിധായകൻ വി.എം.വിനുവിന്റെ പേരും വോട്ടർ പട്ടികയിൽ ഇല്ല. മത്സരിക്കാൻ ഉദ്ദേശിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ വോട്ടർ പട്ടികയിൽ സ്ഥാനാർഥിയുടെ പേര് വേണമെന്ന് വ്യവസ്ഥയുണ്ട്. ഇതോടെ വി.എം.വിനുവിന് കോർപറേഷനിലേക്ക് മത്സരിക്കാൻ സാധിക്കില്ല. കല്ലായി ഡിവിഷനിൽ നിന്നായിരുന്നു കോൺഗ്രസ് വിനുവിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. ആദ്യഘട്ട പ്രചാരണവും വിനു ആരംഭിച്ചിരുന്നു.

ജനാധിപത്യ രാജ്യത്ത് ജീവിക്കുമ്പോൾ തന്റെ വോട്ടവകാശം നിഷേധിക്കാൻ ആർക്കാണ് അവകാശമെന്നും 5 വർഷമായി വോട്ട് രേഖപ്പെടുത്തുന്ന വ്യക്തിയാണെന്നും വി.എം. വിനു പറഞ്ഞു. ‘‘ഇതൊരു ജനാധിപത്യ രാജ്യമാണോ? ഓരോ തിരഞ്ഞെടുപ്പിലും വോട്ടുണ്ടോ എന്ന് പ്രത്യേകം അന്വേഷിക്കേണ്ട കാര്യമില്ല. കല്ലായി വാർഡിൽ നല്ല പ്രതീക്ഷയുണ്ടായിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നു എന്ന് പ്രഖ്യാപിച്ച സമയം മുതൽ വോട്ട് നഷ്ടപ്പെട്ട അവസ്ഥയാണുള്ളത്. കോടതിയും നിയമവ്യവസ്ഥയും നിലവിലുണ്ട്. ചൊവ്വാഴ്ച മുതൽ കോഴിക്കോട്ടെ എല്ലാ വാർഡുകളിലും ഇറങ്ങി പ്രചാരണം നടത്തും’’– വി.എം. വിനു പറഞ്ഞു.




